ജി.എസ്.ടിയില്‍ പ്രതിസന്ധിയിലായി സംസ്ഥാനത്തെ കോഴി കര്‍ഷകര്‍

Jaihind News Bureau
Monday, July 2, 2018

ജി.എസ്.ടി നടപ്പാക്കി ഒരു വർഷം പൂർത്തിയായപ്പോൾ സംസ്ഥാനത്തെ കോഴി ഫാം മേഖലയിൽ പ്രതിസന്ധി തുടരുന്നു.തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ക്രമാതീതമായി കൂടിയതാണ് പ്രതിസന്ധിക്ക് കാരണം.കോഴി വിപണിയിൽ ഇടപെടുമെന്ന സർക്കാർ വാഗ്ദാനവും പാഴ് വാക്കായി മാറി.

കോഴിക്കുണ്ടായിരുന്ന 14.5% നികുതി എടുത്തു കളഞ്ഞതാണ് തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ക്രമാതീതമായി വർധിക്കാൻ കാരണം.ഇത് സംസ്ഥാനത്തെ കോഴി ഉൽപാദകരെയും, ഫാമുകളെയും ബാധിച്ചു. ജി.എസ്.ടിക്ക് മുൻപ് കേരളത്തിൽ ആവശ്യമുള്ളതിന്റെ 45 % ഉൽപാദനവും ഇവിടെ തന്നെയായിരുന്നു. ബാക്കിയാണ് തമിഴ്‌നാട്ടിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നത്.

വിപണി സ്വതന്ത്രമായതോടെ കുറഞ്ഞ നിരക്കിൽ തമിഴ്‌നാട്ടിൽ നിന്ന് കോഴി എത്തിക്കാനായത് സംസ്ഥാനത്തെ കർഷകർക്ക് ഇരുട്ടടിയായി. 22 ലക്ഷം കിലോ കോഴി ഇറച്ചിയാണ് സംസ്ഥാനത്ത് ഒരു ദിവസം വിറ്റുപോകുന്നത്. ഇതിന്റെ 75 ശതമാനവും തമിഴ്‌നാട്ടിൽ ഇറക്കുമതി ചെയ്യുന്നതാണ്. കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിലും തൊഴിലാളികളുടെ കൂലിയുമെല്ലാം സംസ്ഥാനത്തെക്കാൾ കുറഞ്ഞ ചെലവാണ് തമിഴ്‌നാട്ടിൽ.

കോഴിക്ക് 87 രൂപയായും ഇറച്ചി കോഴിക്ക് 158 രൂപയായും നൽകണമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. ഈ വാക്ക് സർക്കാർ പാലിച്ചില്ല.സർക്കാർ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനം വർധിപ്പിച്ച് വിപണിയിൽ ഇടപെടാമെന്ന സർക്കാർ നീക്കവും പാളി. സർക്കാർ സംവിധാനത്തിലൂടെ കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാവൂ.