സംസ്ഥാനത്തു മഴയ്ക്ക് നേരിയ ശമനം; മധ്യകേരളം വെള്ളക്കെട്ടിന്‍റെ പിടിയിൽത്തന്നെ

സംസ്ഥാനത്തു മഴയ്ക്ക് ചെറിയ ശമനമായെങ്കിലും മധ്യകേരളം വെള്ളക്കെട്ടിന്‍റെ പിടിയിൽത്തന്നെ. കുടിവെള്ളം സ്വപ്നം മാത്രമായ കുട്ടനാട്ടിൽ റേഷനും മുടങ്ങിയതോടെ ഭക്ഷ്യധാന്യക്ഷാമവുമായി. വെള്ളം അൽപ്പമിറങ്ങിയതിന്‍റെ ആശ്വാസത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നു വീടുകളിലേക്കു മടങ്ങിയവരെ കാത്തിരിക്കുന്നത് ഇരട്ടി ദുരിതം.

വെള്ളത്തിൽ കിടന്ന് വീട്ടുപകരണങ്ങളിൽ പാതിയും നശിച്ചു. പാമ്ബും പഴുതാരയും തേളുമടക്കമുള്ള ജീവികൾ വീടിനകം വരെ കൈയടക്കി. വെള്ളം ഇറങ്ങിയ വീട്ടുമുറ്റങ്ങളിലും പരിസരത്തും പ്ലാസ്റ്റിക് കുപ്പികൾ മുതൽ ചാക്കിൽക്കെട്ടിയ അറവുമാലിന്യങ്ങൾ വരെ വന്നടിഞ്ഞു. ഇതെല്ലാം കഴുകി വൃത്തിയാക്കണമെങ്കിൽ ബുദ്ധിമുട്ടേണ്ടി വരും. കക്കൂസുകൾ പോലും വെള്ളംകെട്ടി ഉപയോഗ യോഗ്യമല്ലാതായി. പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. വീടും പരിസരവും വെള്ളവുമെല്ലാം മലിനമായതോടെ പകർച്ചവ്യാധി ഭീഷണി പുതിയ ആശങ്കയാകുന്നു.

https://www.youtube.com/watch?v=vqHabsX6Z1I

വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയിട്ട് മൂന്നു ദിവസമായി. കുടിവെള്ള ടാപ്പുകൾ വരെ മുങ്ങിയതിനാൽ ശുദ്ധജലം കിട്ടാനേയില്ല. ആലപ്പുഴ-ചങ്ങനാശേരി റോഡിൽനിന്നു വെള്ളമിറങ്ങാത്തതിനാൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിച്ചിട്ടില്ല.

സംസ്ഥാനത്താകെ മഴക്കെടുതിയിൽ 121 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പത്തുപേരെ കാണാതായി. 676 ദുരിതാശ്വാസ ക്യാമ്പുകളിലായി 30,193 കുടുംബങ്ങളിലുള്ള 1,17,349 പേരാണ് താമസിക്കുന്നത്.

17017.47 ഹെക്ടർ കൃഷിനാശത്തിലൂടെ 238 കോടിയുടെ നഷ്ടമാണ് ഇപ്പോഴുള്ള കണക്ക്. ഇവിടെയെത്തിയ കേന്ദ്രമന്ത്രിക്കു നൽകിയ മെമ്മോറാണ്ടത്തിൽ 831.10 കോടിയാണ് ആവശ്യപ്പെട്ടത്. വലിയ കേന്ദ്രസംഘം വരുമ്പോഴേക്കും കൂടുതൽ വിശദമായ കണക്ക് തയാറാക്കും. കുട്ടനാട്ടിൽ മടവീണു നശിച്ച പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി കൃഷിയിറക്കാൻ സർക്കാരിന്‍റെ സഹായം കൂടിയേതീരൂ. ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു.

DamagesRain
Comments (0)
Add Comment