സംഘര്‍ഷം ചര്‍ച്ച ചെയ്ത് ഇറാനും സൗദിയും; ഏക വൈദ്യുതിനിലയം പ്രവര്‍ത്തനം നിലച്ചതോടെ ഗാസ ഇരുട്ടില്‍


ഇസ്രയേലില്‍ നിന്ന് ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നീക്കം. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദൊഗാന്‍ ഹമാസ് നേതാക്കളുമായി ചര്‍ച്ച നടത്തി. അതിനിടെ, ബന്ദികളാക്കിയ ഒരു ഇസ്രയേല്‍ വനിതയേയും രണ്ടു മക്കളേയും ഹമാസ് മോചിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗാസയിലേക്ക് ഭക്ഷണം, വെള്ളം, ഇന്ധനം ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് തടസങ്ങള്‍ ഒഴിവാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഫോണില്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുന്നുവെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍. സാധാരണക്കര്‍ക്കെതിരായ അക്രമത്തെ സൗദി അപലപിച്ചെന്നും ഇറാന്‍. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലിലെത്തും. തുടര്‍ന്ന് ജോര്‍ദാനിലേക്ക് പോകുന്ന ബ്ലിങ്കന്‍ അവിടെവച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. ഗാസയില്‍ 1100 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഗാസയില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും ശക്തമായ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഒരുമണിക്കൂറിനിടെ അന്‍പതിലേറെ പേര്‍ മരിച്ചെന്ന് ഹമാസ് അറിയിച്ചു. ഏക വൈദ്യുതി നിലയം പ്രവര്‍ത്തനം നിലച്ചതോടെ ഗാസ പൂര്‍ണമായി ഇരുട്ടിലായി. ഇസ്രയേല്‍ ഗാസയില്‍ ഏതുനിമിഷവും കരയാക്രമണം തുടങ്ങാനിരിക്കെ സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂടി.

 

Comments (0)
Add Comment