ഷുഹൈബ് വധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ  വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പി.എം  ലോക്കല്‍ സെക്രട്ടറി കെ.പി പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  മട്ടന്നൂർ സി.ഐ ഓഫീസിലേക്ക്  യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരേ പോലീസ് ലാത്തി വീശി.  ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ പൊലീസ് കയ്യേറ്റം ചെയ്തു.

https://www.youtube.com/watch?v=FJwv0QIajUs

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണം വഴിമുട്ടിയ  സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണുർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ സി.ഐ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് സി.ഐ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.

മാർച്ച് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി  ഉദ്ഘാടനം ചെയ്തു. സതീശൻ പാച്ചേനിയുടെ പ്രസംഗത്തിനിടെ പൊലീസ് പ്രവർത്തകരെ തള്ളി മാറ്റാൻ ശ്രമിച്ചതോടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

പത്തിലേറെ തവണ കണ്ണീർവാതക ഷെല്ല് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് എറിഞ്ഞെങ്കിലും ഒന്നു പോലും പൊട്ടിയില്ല. നിരവധി തവണ പൊലീസ് ലാത്തി വീശി. ലാത്തി ചാർജിൽ ഐ.എൻ.ടി.യു.സി ദേശിയ സെക്രട്ടറി കെ സുരേന്ദ്രൻ ഉൾപ്പടെ 7 പേർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച പ്രവർത്തകർ റോഡിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് മട്ടന്നൂർ കണ്ണൂർ റോഡിൽ ഒന്നര മണിക്കൂർ നേരം ഗതാഗതം സ്തംഭിച്ചു. ഇതിനിടയിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയെ പൊലീസ് കയ്യേറ്റം ചെയ്തു. പ്രകോപിതരായ പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടി.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ, റിജിൽ മാക്കുറ്റി, ഒ.കെ പ്രസാദ്, കെ.എസ്.യു നേതാക്കളായ മുഹമ്മദ് ഷമാസ്, സുധീപ് ജയിംസ്, ഹാരിസ്, രാഹുൽ, ഫർസിൻ മജീദ് ഉൾപ്പടെ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Kannuryouth congress marchpolice brutality
Comments (0)
Add Comment