വ്യാപാര യുദ്ധം കൊടുംപിരി കൊള്ളിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അപ്രതീക്ഷിത തിരിച്ചടിയായി ഹാർലി ഡേവിഡ്സന്റെ പ്രഖ്യാപനം. നികുതിക്കുരുക്കിൽ നിന്ന് രക്ഷപ്പെടുവാൻ വിദേശത്ത് കൂടുതൽ പ്ലാന്റുകൾ തുടങ്ങാനൊരുങ്ങുകയാണ് ഹാര്‍ലി.
അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം അതിന്റെ പാരമ്യത്തിലെത്തുകയാണ്. പരസ്പരം തകർക്കാനുള്ള നീക്കങ്ങളുമായി അമേരിക്കയും മറ്റ് രാജ്യങ്ങളും മുന്നോട്ട് പോവുകയാണ്. ഇതിനിടെ സ്വന്തം രാജ്യത്തുനിന്ന് തന്നെ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്.
അമേരിക്കൻ ഇരു ചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സനാണ് ട്രംപിന് കനത്ത തിരിച്ചടി നൽകിയിരിക്കുന്നത്. സ്റ്റീലിനും അലുമിനിയത്തിനും അമേരിക്ക അധിക നികുതി ഏർപ്പെടുത്തിയതോടെയാണ് വ്യാപാര യുദ്ധം കടുത്തത്. ട്രംപ് സ്റ്റീലിനും അലുമിനിയത്തിനും അധിക നികുതി ഏർപ്പെടുത്തിയതോടെ പല അമേരിക്കൻ ഉൽപന്നങ്ങൾക്കും മറ്റ് രാജ്യങ്ങൾ ഉയർന്ന നികുതി ചുമത്താൻ തുടങ്ങി.
ഇതോടെ അമേരിക്കൻ നിർമിത മോട്ടോർ ബൈക്കുകളായ ഹാർലി ഡേവിഡ്സനും മറ്റ് രാജ്യങ്ങൾ അമിത നികുതി ചുമത്താൻ തുടങ്ങി. ഇതിന് പ്രതികരണമെന്നോണം വിദേശത്ത് കൂടുതൽ പ്ലാൻറുകൾ നിർമിച്ച് നികുതിക്കുരുക്കിൽ നിന്ന് രക്ഷപ്പെടുമെന്നാണ് ഹാർലി വ്യക്തമാക്കിയിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ കൂടുതൽ പ്ലാൻറുകൾ ആരംഭിച്ച് നിർമാണം തുടങ്ങിയാൽ അത് അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകും.
അതേ സമയം ഹാർലിയുടെ നീക്കത്തോടെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിർമാണശാലകൾ തുടങ്ങാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോയാൽ വൻ നികുതി ഒടുക്കേണ്ടി വരുമെന്നാണ് ഹാർലിക്ക് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്തായാലും ട്രംപിന്റെ മുന്നറിയിപ്പിനോട് ഇപ്പോൾ പ്രതികരിക്കാൻ ഹാർലി ഡേവിഡ്സൺ തയാറായിട്ടില്ല.