വീട്ടമ്മയെ പീഡിപ്പിച്ച കേസ് : പ്രതികൾ കീഴടങ്ങുന്നതിന് സമ്മർദ്ദം ശക്തമാക്കി അന്വേഷണ സംഘം

Jaihind News Bureau
Saturday, July 14, 2018

കുമ്പസാര രഹസ്യത്തിന്‍റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള പ്രതികൾ കീഴടങ്ങുന്നതിന് സമ്മർദ്ദം ശക്തമാക്കി അന്വേഷണ സംഘം. ഒളിവിലുളള ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് നാലാം പ്രതി ഫാദർ ജെയ്‌സ് കെ ജോർജ് എന്നിവർക്കായി അന്വേഷണ സംഘം വ്യാപക തിരച്ചിൽ ആരംഭിച്ചു. നിലവിൽ റിമാൻഡിൽ കഴിയുന്ന ഫാദർ ജോബ് മാത്യു, ജോൺസൺ മാത്യു എന്നിവരുടെ ജാമ്യം ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും

കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് നാലാം പ്രതി ജെയ്‌സ് കെ ജോർജ് എന്നിവരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് സംഘം ഇതിനോടകം പല തവണ പരിശോധന നടത്തി. ഇവർ എത്താൻ സാധ്യതയുള്ള മറ്റിടങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതികളെ സംരക്ഷിക്കുന്നവർക്കെതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിക്കഴിഞ്ഞു. മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാൻ പ്രതികൾ ശ്രമിക്കുന്നുണ്ടെങ്കിലും അനുകൂല വിധി ഉണ്ടാകാൻ സാധ്യതയില്ല. ഇത്തരം സമ്മർദ്ദങ്ങൾ വൈദികരുടെ കീഴടങ്ങലിലേക്ക് നയിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത് .

ബലപ്രയോഗത്തിലൂടെയുള്ള അറസ്റ്റ് ഒഴിവാക്കാനാണ് തീരുമാനം. കേസിൽ ഇതിനോടകം അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യു മൂന്നാം പ്രതി ജോൺസൺ  മാത്യു എന്നിവർ റിമാൻഡിലാണ്. മുഴുവൻ പ്രതികളും അറസ്റ്റിലായ ശേഷം ആവശ്യമെങ്കിൽ കസ്റ്റഡി അപേക്ഷ നൽകും. അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് കോടതി തേടിയിട്ടുണ്ട്. ജാമ്യ ഹരജിയെ എതിർക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.