ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന് ചൈനയിൽ തുടക്കമായി. പുരുഷ വിഭാഗത്തിൽ കെ. ശ്രീകാന്തും വനിതാ വിഭാഗത്തിൽ പി.വി.സിന്ധുവിലും സൈന നെഹ്വാളിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. മലയാളി താരം എച്എസ് പ്രണോയി ഇന്ന് ഇറങ്ങും.
പ്രധാന ഫൈനലുകളിൽ തോൽക്കുന്ന പതിവ് തിരുത്താനാകും സിന്ധു ഇറങ്ങുന്നത്. 2013, 2014 വർഷങ്ങളിൽ വെങ്കലവും കഴിഞ്ഞ വർഷം വെള്ളിയും, ഒളിമ്പിക്സിൽ വെള്ളി മെഡലുള്ള സിന്ധു നേടിയിരുന്നു. കഴിഞ്ഞ വർഷം ജപ്പാന്‍റെ നൊസോമി ഒകുഹാരയ്ക്കെതിരേ 110 മിനിറ്റ് നീണ്ട മത്സരം ബാഡ്മിൻറൺ ചരിത്രത്തിലെ ഇതിഹാസ പോരാട്ടമായാണ് അറിയപ്പെടുന്നത്. നാൻജിങിലും സിന്ധുവിൽനിന്ന് വലിയ പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം സിന്ധു ആറു ഫൈനലിൽ പ്രവേശിച്ചു. മൂന്നു കിരീടങ്ങൾ നേടുകയും ചെയ്തു. ഈ സീസണിൽ ഇന്ത്യ ഓപ്പൺ, കോമൺവെൽത്ത് ഗെയിംസ്, തായ്ലൻഡ് ഓപ്പൺ ടൂർണമെൻറുകളിലുടെ ഫൈനലുകളിലെത്തിയെങ്കിലും കിരീടം നേടാനായില്ല. ഈ പിഴവ് തിരുത്തി സ്വർണമെഡൽനേട്ടങ്ങളിലേക്കു തിരിച്ചുവരവാകും സിന്ധു ലക്ഷ്യമിടുന്നത്. അതേസമയം രണ്ടു കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡലുള്ള സൈന നെഹ്വാൾ ലോക ചാമ്പ്യൻഷിപ്പിൽ 2015ൽ വെള്ളിയും 2017ൽ വെങ്കലവും നേടിയിരുന്നു. ഇത്തവണ സൈനയും മെഡൽ പ്രതീക്ഷയുമായാണ് ചൈനയിൽ ഇറങ്ങുന്നത്. പുരുഷന്മാരിൽ കെ. ശ്രീകാന്തും സ്വർണപ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണിൽ ശ്രീകാന്ത് നാലു കിരീടം നേടിയിരുന്നു. ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ ശ്രീകാന്ത് വെള്ളി നേടിയിരുന്നു.