സ്വർണ കിരീടം ഒരിക്കൽ കൂടി ഫ്രഞ്ചുകാർ തലയിൽ ചൂടി. രണ്ടാം തവണയും ക്രൊയേഷ്യ ഫ്രാൻസിന് മുന്നിൽ വീണു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കറുത്ത കുതിരകൾ ഫ്രഞ്ചുകാർക്ക് മുന്നിൽ കീഴടങ്ങിയത്.
ചരിത്രം ആവർത്തിച്ചു. 20 വർഷം മുമ്പത്തെ ജൂലൈയിലെ ആ ദിനം അവർ ആവര്‍ത്തിച്ചു. അന്ന് സ്വപ്ന കിരീടം ഇരുന്ന കൈകളും അവർക്കു തുണയായി കൂടെയുണ്ടായി. കളിക്കാരനായും പരിശീലകനായും കപ്പുയർത്തിയ മരിയോ സഗെല്ലോയ്ക്കും ബെക്കൻ ബോവറിനുമൊപ്പമാണ് ദിദിയർ ദഷാംസ്, ഇനി നിങ്ങൾക്കും സ്ഥാനം.
ലുഷ്‌നിക്കിയിൽ ഗോൾ മഴ പെയ്തിറങ്ങി. ആദ്യ ഗോൾ സ്വന്തം പോസ്റ്റിൽ വീണത് ക്രൊയേഷ്യൻ മുന്നേറ്റതാരം മാൻസൂക്കിച്ചിന്റെ പിഴവിൽ നിന്ന്. പതിനെട്ടാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി ലഭിച്ച ഫ്രീക്കിക്ക് ആന്റോയിൻ ഗ്രീസ്മാനിൽ നിന്നും ലക്ഷ്യത്തിലേക്ക് പായവേ മാൻസൂക്കിച്ച് തലവച്ചു. കാവൽക്കാരൻ സുബ്ബാസിച്ചിനെയും മറികടന്ന് അപ്രതീക്ഷിതമായി പന്ത് വലയിൽ പതിച്ചു. ക്രൊയേഷ്യ ഞെട്ടി. നിർഭാഗ്യം വാളായി കറുത്തകുതിരകളുടെ കഴുത്തരിയാൻ നിൽക്കുന്നു എന്നതിന്റെ സൂചന നൽകിയ നിമിഷം.
പത്തു മിനിറ്റിനു ശേഷം ആരാധകർ പ്രതീക്ഷിച്ച ക്രൊയേഷ്യയുടെ തിരിച്ചു വരവ്. വിദ നൽകിയ പാസിൽ പെരിസിച്ചിന്റെ സുന്ദരൻ ഫിനീഷിങ്. പരിചയ സമ്പനന്നൻ ഹ്യൂഗോ ലോറിസ് കാഴ്ചക്കാരൻ. ഇരുവരും ഒപ്പത്തിനൊപ്പം.
പെനാൽറ്റിയുടെ രൂപത്തിൽ വീണ്ടും ക്രൊയേഷ്യൻ സ്വപ്നങ്ങൾക്കു മേൽ ഫ്രഞ്ച് പ്രഹരം. പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതിന് വിഎആർ സഹായത്തിൽ പെനാൽറ്റി വിധിക്കപ്പെട്ടു. കിക്കെടുത്ത ഗ്രീസ്മാന് തെല്ലും പിഴച്ചില്ല.
പിന്നീടങ്ങോട്ട് ഇതുവരെ കാണാത്ത പരാജയ ഭീതി കറുത്ത കുതിരകളുടെ മുഖത്ത് നിഴലിച്ചു. 59 ആം മിനിറ്റിൽ ഗ്രീസ്മാന്റെ പാസ് പോൾ പോഗ്ബയ്ക്ക്. റീബൗണ്ടിൽ പോഗ്ബയുടെ ഇടങ്കാലിന്റെ ശക്തി ക്രൊയേഷ്യൻ ബോക്‌സിൽ പറന്നിറങ്ങി.
65ആം മിനിറ്റിൽ പതനം പൂർണം. ഹെർണാണ്ടസിന്റെ മുന്നേറ്റത്തിനൊടുവിൽ പന്ത് സ്വീകരിച്ച എംപാപെ എന്ന കൊടുങ്കാറ്റ് ക്രൊയേഷ്യൻ പോസ്‌ററിൽ വിശ്രമിച്ചു.
നാല് മിനിറ്റിന് ശേഷം ഫ്രഞ്ച് ക്യാപ്റ്റന്റെ പിഴവിൽ നിന്നും മാൻസൂക്കിച്ചിന്റെ പ്രാശ്ചിത്തം. ബാക്ക് പാസ് ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ താമസം ക്രൊയേഷ്യൻ മുന്നേറ്റതാരം മുതലെടുത്തു. മാൻസുക്കിച്ചിന്റെ സിംപിൾ ഫിനിഷിങ്ങ്.
20 വർഷം മുമ്പ് മൂന്നാം സ്ഥാനമായിരുന്നു നിങ്ങൾക്ക്. ഇപ്പോൾ രണ്ടാം സ്ഥാനക്കാർ. തല ഉയർത്തി തന്നെ നിങ്ങൾ റഷ്യയോട് വിട പറയാം. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമായിരുന്നു നിങ്ങളുടേത്. പന്തടക്കവും പാസിലെ ആധിപത്യവുമൊന്നും മൽസരഫലം നിർണയിച്ചില്ല. ഭാഗ്യ നിർഭാഗ്യങ്ങളുടെ വിളയാട്ടത്തിൽ കാലം നീതികാട്ടിയത് ഫ്രഞ്ച്കാരോട്.