ലൂയിസ് ജോയ് ബ്രൗണ്‍ @ 40; ചരിത്രം സൃഷ്ടിച്ച ഐവിഎഫ് ചികിത്സയ്ക്കും

ലോകത്തെ ആദ്യ ഐവിഎഫ് കുഞ്ഞിന് ഇന്ന് 40 വയസ്സ്. 1978ല്‍ ലൂയിസ് ജോയി ബ്രൗണ്‍ എന്ന കുഞ്ഞ് പിറന്നത് കുഞ്ഞുങ്ങള്‍ ഇല്ലാത്ത ഒട്ടേറെ ദമ്പതികള്‍ക്ക് വളരെ ഏറെ പ്രതീക്ഷ നല്‍കിയാണ്. എന്നും വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു ലൂസിയുടെയും മാതാപിതാക്കളുടെയും ജീവിതം. കുഞ്ഞിന്‍റെ ജന്മരഹസ്യം പോലും ചോദ്യം ചെയ്യപ്പെട്ടു. ഇംഗ്ലണ്ടിലെ ഓള്‍ഡ്ഹാം ജനറല്‍ ആശുപത്രിയില്‍ ജൂലൈ 25ന് രാത്രി 11.45നായിരുന്നു ചരിത്രം സൃഷ്ടിച്ച് ലൂസിയുടെ ജനനം.

എന്നാല്‍ ഇന്ന് ലൂയിസ് തന്‍റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും കാലവും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. എട്ടു മില്യണിലേറെ ദമ്പതികള്‍ ഈ ചികിത്സാ രീതിയിലൂടെ മാതാപിതാക്കളായി.

എല്ലാ ചികിത്സാരീതികളും പരാജയപ്പെട്ടു കഴിയുന്നവര്‍ക്ക് ആശ്രയമായി ഈ ചികിത്സാ രീതി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് പാട്രിക് സ്റെപ്ടോ, റോബര്‍ട്ട്‌ എഡ്വാര്‍ഡ്സ് എന്നീ ഗവേഷകരാണ്.

കടുത്ത മാനസികസമ്മര്‍ദത്തിനൊടുവിലാണ് അമ്മ ലെസ്ലി ബ്രൗണും അച്ഛന്‍ ജോണും ആദ്യമായി കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ചികിത്സ തേടിയതെന്ന് ലൂയിസ് ബ്രൗണ്‍ പറഞ്ഞു. വിഷാദ രോഗം വരെ ബാധിച്ച അവസ്ഥയിലാണ് പുതിയൊരു ചികിത്സാ രീതിയെ കുറിച്ച് ഡോക്ടര്‍ പറഞ്ഞതും തന്‍റെ പിറവി കാരണമായ ആ പരീക്ഷണത്തിന് അവര്‍ തയ്യാറായതും. പിന്നീട് ഇതേ വഴിയിലൂടെ ഒരു സഹോദരി കൂടി ലൂസിയ്ക്ക് പിറന്നു. എങ്കിലും 1982-ല്‍ അവള്‍ പിറക്കുമ്പോഴേയ്ക്കും മറ്റ് 38 പേര്‍ കൂടി ഈ പുത്തന്‍ രീതിയിലൂടെ പിറവി എടുത്തിരുന്നു. നാല്‍പതാമത്തെ ടെസ്റ്റ്ട്യൂബ് ശിശുവായിട്ടായിരുന്നു ലൂയിസിന്‍റെ സഹോദരി നതാലിയുടെ ജനനം.

ഇന്ന് ലോകത്താകമാനം അംഗീകരിക്കപ്പെട്ട ഒരു ചികിത്സാ രീതിയായി ഇത് മാറിക്കഴിഞ്ഞു. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെരുതെന്നും ചികിത്സ സ്വീകരിക്കാന്‍ മടിക്കരുതെന്നുമാണ് ലൂയിസിന് പറയാനുള്ളത്.

നിലവിലെ വ്യവസ്ഥാപിത രീതികളില്‍ നിന്നും വിഭിന്നമായ പരീക്ഷണത്തിന്‍റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ ഏറെ കേട്ടുവളര്‍ന്ന ലൂയിസ് ജന്മരഹസ്യം പുറത്ത് പറയാതെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിലും വൈദ്യശാസ്ത്ര ചരിത്രത്തിലെ ഒരു നിർണായക കണ്ണിയായി മാറാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും പറയുന്നു. തനിക്ക് ജനനത്തിനായി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് ലക്ഷ്യം കാണുകയും ചെയ്തവരില്‍ പലരും ഇന്നില്ലെങ്കിലും അവരെ ഏപ്പോഴും നന്ദിയോടെയാണ് സ്മരിക്കുന്നതെന്നും ലൂയിസ് വ്യക്തമാക്കുന്നു.

ഈ നാല്‍പതാം വയസ്സിലും തികഞ്ഞ ആരോഗ്യത്തോടെ തന്നെയാണ് താന്‍ ജീവിക്കുന്നത് എന്നത് അവരുടെ പ്രയത്നം ഫലം കണ്ടുവെന്നതിന് ഏറ്റവും വലിയ തെളിവ് തന്നെയാണെന്നും ലൂയിസ് പറയുന്നു. 2004ലായിരുന്നു ലൂയിസിന്‍റെ വിവാഹം. 2007ൽ സ്വാഭാവിക രീതിയിൽ ഒരു ആൺകുഞ്ഞിന് ലൂയിസ് ജന്മംനല്‍കി. വിമർശനങ്ങൾക്ക് അപ്പോഴും കുറവൊന്നുമില്ലായിരുന്നു. തന്‍റെ വീട്ടിലേക്കെത്തിയ വിമർശകരുടെ കത്തുകള്‍ ലൂയിസ് ഇപ്പോഴും സൂക്ഷിക്കുന്നു.

മൈ ലൈഫ് ആസ് ദ വേള്‍ഡ്സ് ഫസ്റ്റ് ടെസ്റ്റ് ട്യൂബ് ബേബി എന്ന പേരില്‍ ആത്മകഥയും ലൂയിസ് രചിച്ചിട്ടുണ്ട്.

Robert Edwardsin vitro fertilisation (IVF)Louise Joy BrownPatrick Steptoe
Comments (0)
Add Comment