യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇത് ശരിവെക്കുന്ന പ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും.
കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളത്തിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഇരുരാജ്യങ്ങൾക്കുമിടയിൽ അടുത്തിടെ മോശമായ നയതന്ത്രത്തിൽ എത്രത്തോളം നിർണായകമായെന്ന് വെളിപ്പെട്ടത്. കൂടിക്കാഴ്ചയിൽ ഈ വിഷയം കാര്യമായി ചർച്ച ചെയ്‌തെന്നതിന്‍റെ തുറന്നുപറച്ചിൽ കൂടിയായി ഇത്.
റഷ്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവും ഹാജരാക്കണമെന്ന് പുടിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം ‘നമ്മുടെ രാജ്യത്തിന്റെ ദുരന്തമായെന്ന്’ ഡൊണാൾഡ് ട്രംപ് തുറന്നു സമ്മതിക്കുകയും ചെയ്തു. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ആഭ്യന്തര വിഷയങ്ങളിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടാൻ താൽപര്യമില്ലെന്നും പുടിൻ വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദം റഷ്യൻ ബന്ധത്തെ ബാധിച്ചിരുന്നതായി ട്രംപ് വിശദീകരിച്ചു. റഷ്യയുമായുള്ള ബന്ധം ഇതുവരെ ഇത്തരത്തിൽ ഉലയാൻ ഇടയായിട്ടില്ലെന്ന് സൂചിപ്പിച്ച ട്രംപ് വാർത്താസമ്മേളനത്തിന് നാല് മണിക്കൂർ മുൻപ് നടത്തിയ ചർച്ചയിൽ മാത്രമാണ് ഇതിന് മാറ്റമുണ്ടായതെന്നും പറഞ്ഞു.