അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം സാമ്ന. രാഹുൽ രാഷ്ട്രീയത്തിൽ വിജയിച്ചെന്നാണ് ശിവസേന സാമ്നയിൽ കുറിച്ചിരിക്കുന്നത്. അടുത്ത തെരഞ്ഞെടടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കി. അമിത്ഷായുമായി ഫോണിൽ സംസാരിക്കാൻ ശിവസേന തലവൻ ഉദ്ധവ് താക്കറെ തയാറായില്ലെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഭരണപക്ഷത്തിനെതിരെ അവിശ്വാസപ്രമേയം ലോക്‌സഭയിൽ വരുന്നത്. രാവിലെ 11ന് തുടങ്ങിയ ചർച്ച 12 മണിക്കൂറോളം നീണ്ടുനിന്നു. ഊർജസ്വലതയോടെ രാഷ്ട്രീയശക്തികൾക്ക് മേൽ ആഞ്ഞടിക്കുന്ന രാഹുൽഗാന്ധിയെയാണ് ലോക്‌സഭ കണ്ടത്.
https://www.youtube.com/watch?v=AnTtCVNN3Cw
ഇപ്പോൾ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം സാമ്നയും രംഗത്ത് എത്തിയിരിക്കുകയാണ്. രാഹുൽ രാഷ്ട്രീയത്തിൽ വിജയിച്ചെന്നാണ് ശിവസേന സാമ്നയിൽ കുറിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദമാകാനും രാഹുൽ ഗാന്ധിക്ക് കഴിഞ്ഞെന്നും സാമ്‌ന വ്യക്തമാക്കുന്നു.
രാഷ്ട്രീയ നിരീക്ഷകരുടെയും അ്ഭിപ്രായം വിഭിന്നമല്ല. 4 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിനെതിരെയുള്ള പൊളിച്ചെഴുത്തായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയത്. ഓരോ ഭരണപരാജയങ്ങളും അക്കമിട്ട് വിമർശനത്തിന്‍റെകൂരമ്പുകൾ എയ്‌തപ്പോൾ ഭരണപക്ഷം പിടയുന്ന കാഴ്ചയായിരുന്നു ലോക്‌സഭ ഇന്നലെ കണ്ടത്.
രാഷ്ട്രീയമായ വിമർശനങ്ങൾ നടത്തിയ രാഹുൽ, പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് സ്‌നേഹത്തിന്റെ രാഷ്ട്രീയം ട്രെഷറി ബെഞ്ചിന് കാണിച്ച് കൊടുക്കാനും മടിച്ചില്ല. ഇതിനെയൊക്കെ വാനോളം പ്രകീർത്തിക്കുകയാണ് രാഷട്രീയ വിദഗ്ധർ. സമൂഹമാധ്യമങ്ങളിലും ഇത് വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
അതേസമയം അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ഭിന്നത ഏറുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കി. അമിത്ഷായുമായി ഫോണിൽ സംസാരിക്കാൻ ശിവസേന തലവൻ ഉദ്ധവ് താക്കറെ തയാറായില്ലെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഏതായാലും കുറിക്ക് കൊള്ളുന്ന വിമർശനങ്ങളും പരിഹാസങ്ങളും അവതരിപ്പിക്കുന്നതിൽ രാഹുൽ ഗാന്ധി വിജയിച്ചുവെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന വിലയിരുത്തലുകൾ.