രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും മോദി ശ്രദ്ധതിരിച്ച് വിടുന്നു; കള്ളം മാത്രം പറയുന്ന മോദിയെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും: പ്രിയങ്കാ ഗാന്ധി

 

ഝാർഖണ്ഡ്/ റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭരണഘടനയെ തട്ടിയെടുക്കാനും, ജനാധിപത്യം നശിപ്പിക്കാനും പ്രധാനമന്ത്രി ശ്രമിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മയും- വിലക്കയറ്റവുമാണ്. ജനങ്ങളോട് കള്ളം മാത്രം പറയുന്ന നേതാവിനെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും പ്രിയങ്കാ ഗാന്ധി ഝാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും പ്രധാനമന്ത്രി ശ്രദ്ധതിരിച്ച് വിടുകയാണെന്ന് പ്രിയങ്കാ ഗാന്ധി. തൊഴിലില്ലായ്മയും- വിലക്കയറ്റവും പോലുള്ള വിഷയങ്ങളില്‍ പരിഹാരം കാണാതെ സ്ത്രീകളുടെ താലിമാല പൊട്ടിച്ച് നുഴഞ്ഞ് കയറ്റക്കാര്‍ക്ക് നല്‍കുമെന്നടക്കമുള്ള കാര്യങ്ങളിലേക്ക് വിഷയം മാറ്റുകയാണ് അദ്ദേഹം. 2015-16ല്‍ ഓരോ വര്‍ഷവും 2 കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന്  പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ 10 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് 20 കോടി തൊഴിലവസരങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഇലക്ടറല്‍ ബോണ്ടിലൂടെയും മോദി കോടികളുടെ തട്ടിപ്പാണ് നടത്തിയത്. ബോണ്ട് വാങ്ങി സംഭാവന നല്‍കിയവരെല്ലാം ഇഡി-സിബിഐ അന്വേഷണം നേരിടുന്നവരോ ഭയപ്പെടുന്നവരോ ആണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

Comments (0)
Add Comment