യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; കുറ്റപത്രം സമര്‍പ്പിച്ചു

2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണ കുറ്റപത്രം സമർപ്പിച്ചു. റഷ്യൻ പട്ടാള ചാരസംഘടനയായ ജി.ആർ.യുവിലെ 12 ഓഫീസർമാർക്കെതിരെ അവരുടെ അഭാവത്തിൽ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റെിനാണ് കുറ്റപത്രം സമർപ്പിച്ചത്.

ട്രംപിന്‍റെ വിജയത്തിനായി റഷ്യൻ ഇടപെടൽ ഉണ്ടായോ എന്നതിനെക്കുറിച്ച് സ്‌പെഷ്യൽ കോൺസൽ റോബർട്ട് മ്യൂളർ നടത്തുന്ന അന്വേഷണത്തിന്റെ കുറ്റപത്രമാണ് നൽകിയത്. തെരഞ്ഞെടുപ്പിൽ ട്രംപിൻറെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിൻറൻറെ പ്രചരണവിഭാഗത്തിൻറെ കംപ്യൂട്ടറുകൾ റഷ്യൻ ഉദ്യോഗസ്ഥർ ഹാക്ക് ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിലെ വിശദാംശങ്ങൾ ട്രംപിനെ അറിയിച്ചിരുന്നുവെന്ന് അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റെയിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അന്വേഷണം റഷ്യയുമായുള്ള യു.എസ് ബന്ധത്തെ ബാധിക്കുന്നെന്ന് ബ്രിട്ടനിലുള്ള ട്രംപ് കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു. ഹെൽസിങ്കി ഉച്ചകോടിക്ക് തുരങ്കംവെക്കുക ലക്ഷ്യമിട്ടാണ് യു.എസ് അധികൃതർ കുറ്റപത്രം സമർപ്പിച്ചതെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കുറ്റപത്രത്തിൽ പറയുന്ന 12 പേർക്ക് റഷ്യൻ പട്ടാള ഇൻറലിജൻസുമായി ബന്ധമുണ്ടെന്നതിനോ ഹാക്കിംഗ് നടത്തിയതിനോ തെളിവില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇതോടെ മ്യൂളറുടെ അന്വേഷണത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം 32 ആയി. ഭൂരിഭാഗവും റഷ്യക്കാരാണ്. മൂന്നു കമ്പനികളും ട്രംപിൻറെ നാല് മുൻ ഉപദേശകരും ഇതിൽ ഉൾപ്പെടുന്നു. ട്രംപിൻറെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ ഫ്‌ലിൻ, മുൻ വിദേശനയ ഉപദേഷ്ടാവ് ജോർജ് പാപഡാവോപൗലോസ് എന്നിവർ റഷ്യക്കാരുമായി ഉണ്ടായിരുന്ന ബന്ധം മറച്ചുവെച്ചെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിൻറെ പ്രചരണ വിഭാഗം മേധാവിയായിരുന്ന പോൾ മാൻഫോർട്ടും അദ്ദേഹത്തിൻറെ സഹായി റിക് ഗേറ്റ്‌സും പണം വെളുപ്പിക്കൽ കുറ്റത്തിന് അറസ്റ്റിലായിരുന്നു. കുറ്റപത്രം സമർപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡൻറ് വ്‌ലാദിമിർ പുടിനുമായി തിങ്കളാഴ്ച ഹെൽസിങ്കിയിൽ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിൽനിന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പിന്മാറണമെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാണ്ടേഴ്‌സ് അറിയിച്ചു.

us electionrobert muellerDonald Trump
Comments (0)
Add Comment