യുഡിഎഫ് സംഘത്തെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞു

Jaihind Webdesk
Tuesday, November 20, 2018

ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ട യുഡിഎഫ് സംഘത്തെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞു. എംഎല്‍എമാരെ മാത്രമേ കയറ്റിവിടാനാവൂ എന്നും അണികള്‍ പിരിഞ്ഞുപോകണമെന്നും പോലീസ് നിര്‍ദേശം നല്കിയതോടെ നേതാക്കള്‍ റോഡ് ഉപരോധിച്ചു ഉപരോധം ശക്തമായതോടെ നിലക്കലിലെ സുരക്ഷാ ചുമതലയുള്ള എസ്.പി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം മുഴുവൻ ആളുകളെയും കടത്തിവിടാൻ ധാരണയായി.

ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ നടപടികളോട് വ്യക്തമായ വിയോജിപ്പാണുള്ളത്. എംഎല്‍എമാരെ മാത്രം കയറ്റിവിടാമെന്ന് പോലീസ് നിലപാടിനോട് യോജിപ്പില്ല. നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. കലാപങ്ങളോ കുഴപ്പങ്ങളോ ഉണ്ടാക്കുന്നവരെയല്ല സമാധാനപരമായി തീര്‍ഥാടനത്തിനെത്തുന്നവരെയാണ് പോലീസ് തടയുന്നതന്നും അദ്ദേഹം പറഞ്ഞു.

തീര്‍ഥാടകര്‍ക്ക് പര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് വിലയിരുത്തിയതായി കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ സൗകര്യങ്ങളൊരുക്കി കൊടുത്തിട്ടില്ല. അയ്യപ്പഭക്തരെ എന്തിനാണ് പോലീസ് തടയുന്നത്. സര്‍ക്കാര്‍ ഭക്തന്മാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തുടർന്ന് നിലക്കൽ ബേസ് ക്യാമ്പിൽ എത്തിയ സംഘത്തിന് മുന്നിൽ തങ്ങളുടെ ബുദ്ധിമുട്ടുകൾ അയ്യപ്പൻമാർ വിവരിച്ചു

യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, സിപി ജോണ്‍, ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി, എംകെ മുനീര്‍, എൻ.കെ പ്രേമചന്ദ്രൻ, ജി.ദേവരാജൻ, ബെന്നി ബെഹനാൻ,ലതികാ സുഭാഷ് തുടങ്ങിയവർ യു.ഡി.എഫ് സംഘത്തിലുണ്ടായിരുന്ന.