യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് യുഎഇ ഭരണക്കൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിന് തുടങ്ങി. ഇത്തവണയും പൊതുമാപ്പ് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും എന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കുന്നത്. ഇത്തവണത്തെ പൊതുമാപ്പില്‍ കണ്ട മറ്റൊരു വ്യത്യസ്തമായ നിരീക്ഷണം ഇവിടെ കുറിക്കുകയാണ്. ആദ്യദിനങ്ങളില്‍ സഹായം തേടിയെത്തിയ ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ നമ്മുടെ മലയാളി സഹോദരികളായിരുന്നു. ഇതില്‍, കൈക്കുഞ്ഞുങ്ങള്‍ മുതല്‍ ആറും ഏഴും വയസുള്ള കുട്ടികളെയും കാണാനായി. 2018 ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നു മാസത്തേയ്ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നിയമം ലംഘിച്ച് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 31നുള്ളില്‍ തങ്ങളുടെ താമസരേഖകള്‍ നാമമാത്രമായ ഫീസ് നല്‍കി നിയമവിധേയമാക്കുകയോ, നിയമ നടപടി കൂടാതെ രാജ്യം വിട്ടുപോവുകയോ ചെയ്യാനുള്ള വലിയ അവസരമാണ് പൊതുമാപ്പ് വഴി അധികൃതര്‍ ലക്ഷ്യമിടുന്നത്. താമസ രേഖകള്‍ നിയമവിധേയമാക്കി സ്വയം രക്ഷ ഉറപ്പാക്കൂ എന്ന പേരിലുള്ള 2018 ലെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അതിനാല്‍, ഇത്തരത്തില്‍ മടങ്ങുന്നവര്‍ക്ക് യുഎഇയിലേയ്ക്ക് വീണ്ടും തിരിച്ചുവരാനാകും എന്നതും മറ്റൊരു ആശ്വാസകരമായ പ്രഖ്യാപനമാണ്. പൊതുമാപ്പില്‍ പോകുന്ന , മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരും, വിവിധ സംസ്ഥാന സര്‍ക്കാരുകളും കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കണം. യുഎഇയില്‍ ജാതി-മത-പ്രാദേശിക-രാഷ്ട്രീയ നിറങ്ങളിലായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കൂട്ടായ്മകളും, ഇനി സന്നദ്ധ സേവനത്തിനായി പ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണ് പൊതുമാപ്പ് കാലഘട്ടം. യുഎഇയിലെ വിദേശി ജനസംഖ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും നമ്മള്‍ ഇന്ത്യക്കാരാണ്. അതിനാല്‍, ഇന്ത്യന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കഠിനമായ പ്രയത്നം കൊണ്ട് മുമ്പും, പരാതികള്‍ ഇല്ലാതെ, പൊതുമാപ്പ് നടപടികള്‍ നടത്തിയ പാരമ്പര്യമാണ്, നമുക്കുള്ളത്.
അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള പൊതുമാപ്പ്
നേരത്തെ, 2012 ഡിസംബര്‍ -2013 ജനുവരി മാസങ്ങളിലായിരുന്നു ഇതിന് മുന്‍പ് യുഎഇയില്‍ പൊതുമാപ്പ് ഉണ്ടായിരുന്നത്. ഇതിന് ശേഷം, പാസ്പോര്‍ട്ടും പോലും നഷ്ടപ്പെട്ട് , താമസ രേഖകള്‍ ഇല്ലാതെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കുടുങ്ങിക്കിടക്കുന്ന മലയാളി കുടുംബങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഈ രാജ്യത്തുണ്ട് എന്നാണ് പ്രാഥമിക കണക്ക്. മാത്രവുമല്ല, മുന്‍ വര്‍ഷങ്ങളിലെ പൊതുമാപ്പുകളില്‍ രാജ്യത്ത് നിന്ന് മടങ്ങാത്തവരും നിരവധിയാണ്. ഇത്തരക്കാര്‍ക്കും ഇത് മികച്ച സുവര്‍ണാവസരമാണ്. 2012-2013 വര്‍ഷത്തെ പൊതുമാപ്പ് കാലാവധി രണ്ട് മാസമായിരുന്നെങ്കില്‍, ഇപ്രാവശ്യം ഒരു മാസം കൂടുതല്‍ അധികം നല്‍കി, ഇത് മൂന്ന് മാസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
നിയമപരമായി എത്തിയവര്‍ നിയമവിരുദ്ധരാകുന്ന കാഴ്ച
മാതൃരാജ്യത്ത് നിന്ന്, സ്വന്തം പാസ്പോര്‍ട്ടില്‍, നിയമപരമായി യുഎഇയില്‍ വരുന്നവര്‍, ഇവിടെ എത്തി, കേസുകളിലും മറ്റുമായി കുടുങ്ങുന്നത് പതിവായി മാറുകയാണ്. തൊഴിലുടമയുടെ ചതിയില്‍പ്പെട്ടും വ്യാപാരം പൊളിഞ്ഞുമാണ് ഇത്തരം കേസുകളില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. ഇപ്രകാരം കുടുങ്ങുന്നവര്‍ക്കും ഭാര്യയും കൈക്കുഞ്ഞ് പ്രായമുളള മക്കളും ഉള്‍പ്പെടുന്നു എന്നതും ഏറെ വേദനയുണ്ടാക്കുന്നു. ലോകം അറിയപ്പെടുന്ന ബിസിനസുകാര്‍ വരെ, ഇത്തരത്തില്‍ രാജ്യത്ത് കുടുങ്ങി, ഔട്ട്പാസിനായി കാത്തിരിക്കുന്നുണ്ട് എന്നതും ലോകത്തിന്റെ മറ്റൊരു കാഴ്ച. രണ്ട് വര്‍ഷത്തെ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ കരാറിലാണ് , മിക്ക കമ്പനികളും തൊഴിലാളികളെ കൊണ്ടുവരുന്നത്. പലപ്പോഴും ലേബര്‍ സപ്ലൈ കമ്പനികളും ഇടനിലക്കാരുമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പലതരം വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടുവരുന്ന തൊഴിലാളികള്‍ക്ക് , രേഖയില്‍ പറഞ്ഞ ശമ്പളം നല്‍കാറില്ല. മാത്രമല്ല, പലപ്പോഴും ശമ്പളം വൈകുകുയും മുടങ്ങുകയും ചെയ്യുന്നു. ഇതോടെ, പലരും പാസ്പോര്‍ട്ട് പോലും തിരിച്ചുവാങ്ങാതെ, കമ്പനികളില്‍ നിന്ന് ഒളിച്ചോടുന്നു. ജീവിക്കാനായി താല്‍ക്കാലികമായ ആശ്വാസങ്ങള്‍ കണ്ടെത്തുന്നു. ഇത്തരക്കാരാണ്, പിന്നീട് മറ്റു പല തൊഴിലുകളും ചെയ്തു ജീവിക്കുകയും പിന്നീട് നിയമവിരുദ്ധരായി പിടിക്കപ്പെടുകയും ചെയ്യുന്നത്. ഇതില്‍, വീട്ടുജോലിയ്ക്കും മറ്റുമായി എത്തിയ മലയാളി സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതാണ്, ഈ പൊതുമാപ്പില്‍ ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി മലയാളി സഹോദരിമാരെ കാണാനായത്. ഇങ്ങിനെ, വര്‍ഷങ്ങളായി യുഎഇയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന സ്ത്രീ-പുരുഷന്‍മാരുടെ എണ്ണം പതിനായിരം കവിഞ്ഞതായും അനൗദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ പുരുഷന്‍മാരില്‍ മലയാളികളുടെ എണ്ണം കുറവാണ്. കൂടുതലും ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ഇനി പൊതുമാപ്പ് എന്ന ഈ നടപടിയിലൂടെ മാത്രമേ, സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ കഴിയൂ. കാരണം, ഇത്തരക്കാര്‍ നിയമവിരുദ്ധമായി താമസിച്ചതിന് വന്‍ തുകയാണ് പിഴയായി അടയ്ക്കേണ്ടി വരുന്നത്. പൊതുമാപ്പില്‍ ഇത്തരത്തിലുള്ള കോടികണക്കിന് വരുന്ന മുഴുവന്‍ തുകയും, ഗവര്‍മെന്റ് എഴുതി തള്ളിയാണ് ഇവരെ അതാത് രാജ്യങ്ങളിലേക്ക് വിട്ടയക്കുന്നത്. അതിനാല്‍, പിഴ ഇല്ലാതെ രാജ്യം വിടാനുള്ള വലിയ അവസരം കൂടിയായി പൊതുമാപ്പിന് വിശേഷിപ്പിക്കുന്നു.
പൊതുമാപ്പില്‍ മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു
പൊതുമാപ്പില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ നാടുകളിലേക്ക് മടങ്ങിയത് 2003 ലാണ്. അന്ന്, ആകെ ഒരു ലക്ഷത്തോളം പേര്‍ മടങ്ങിയെങ്കില്‍, അതില്‍ ബഹുഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അന്നും ഏറ്റവും കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍, 2012-2013 ലെ പൊതുമാപ്പില്‍, യുഎഇയില്‍ നിന്ന് മടങ്ങിയ 62,000 പേരില്‍, മുന്നില്‍, ബംഗ്ളാദേശ് , പാക്കിസ്ഥാന്‍ രാജ്യക്കാരായിരുന്നു. അന്നും ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. 2018 ലെ പൊതുമാപ്പിനോടനുബന്ധിച്ച് , ദുബായ് എമിഗ്രേഷന്‍ (ജി ഡി ആര്‍ എഫ് എ ) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയുമായി അഭിമുഖം നടത്തിയ ആദ്യ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലും ജയ്ഹിന്ദ് ടിവിയായിരുന്നു. ആ അഭിമുഖത്തിലും അല്‍ മറി പറഞ്ഞത്, ഓരോ വര്‍ഷം കഴിയും തോറും പൊതുമാപ്പില്‍ മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു എന്നതാണ്. വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്കായി, ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, നടത്തിയ മികച്ച ബോധവല്‍ക്കരണ -ജനകീയ നടപടികള്‍, തൊഴില്‍-വീസാ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ഒരുപരിധി വരെ കാരണമായി. ഇതും, പൊതുമാപ്പില്‍ മടങ്ങുന്ന നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം കുറയാന്‍ ഒരുപരിധി വരെ സഹായകരമായി. യുഎഇയുടെ രാജ്യാന്തര ടെലിഫോണ്‍ കോഡ് ( +971 ) പോലെ, 1971 ഡിസംബര്‍ രണ്ടിനാണ് യുഎഇ എന്ന രാജ്യം രൂപീകരിക്കപ്പെട്ടത്. ഇതിന്‌ശേഷം 1996 ലാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ 2018 വര്‍ഷത്തില്‍, അഞ്ചാമത്തെ പൊതുമാപ്പില്‍ എത്തി നില്‍ക്കുമ്പോള്‍, ഈ രാജ്യം ഒരുപാട് മാറിയിരിക്കുന്നു, വളര്‍ന്നിരിക്കുന്നു. ആ വികസന വളര്‍ച്ചയില്‍, രാജ്യത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം, ഭരണാധികാരികളുടെ മനസും കാഴ്ചപാടും മാറുകയാണ്, വികസിക്കുകയാണ് എന്നതാണ് ഈ പൊതുമാപ്പ് എന്ന കാരുണ്യം നല്‍കുന്ന വലിയ സന്ദേശം. എന്നും വിവാദങ്ങളെ, ആഘോഷമാക്കുന്ന മലയാളികള്‍ക്കായി, ഹിബ്രു ഭാഷയില്‍ പറഞ്ഞാല്‍ ഇത്, നമ്മുക്ക് ലഭിച്ച ‘ഹനാന്‍’ ആണ്. ‘ദയാപരമായ സമ്മാനം’ !!