ജമ്മു-കശ്മീരിൽ വൻതോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന യു.എൻ റിപ്പോർട്ട് തള്ളി മുഖം രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ശ്രമം. 2016 മുതൽ ഇക്കഴിഞ്ഞ ഏപ്രിൽ വരെയുള്ള സംഭവവികാസങ്ങളെ കുറിച്ചായിരുന്നു യു.എന്നിന്റെ റിപ്പോർട്ട്. വിവിധ സംഘടനകളിൽ നിന്നും വിവരാവകാശ നിയമപ്രകാരവും മാധ്യമവാർത്തകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യു.എൻ റിപ്പോർട്ട്.
നരേന്ദ്ര മോദി സർക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു യു.എൻ റിപ്പോർട്ട്. മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് യു.എന്നിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കണമെന്ന യു.എന്നിന്റെ ആവശ്യം ഇന്ത്യയും പാകിസ്ഥാനും നിരസിച്ചിരുന്നു.
https://www.youtube.com/watch?v=tozQJfKGMQI
2016 ജൂലൈ എട്ടിന് ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നു കശ്മീരിലുണ്ടായ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇന്ത്യൻ സായുധസേന അമിതമായ നടപടികളെടുത്തെന്നും അത് നിയമവിരുദ്ധമായ കൊലപാതകങ്ങളിൽ കലാശിച്ചെന്നും റിപ്പോർട്ട് ആരോപിക്കുന്നു. സായുധസേനയുടെ നടപടികളിൽ 1,30,145 പേർ കൊല്ലപ്പെട്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. സായുധസേനാംഗങ്ങൾ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ പോലും സ്വതന്ത്രമായി അന്വേഷിക്കപ്പെടുന്നില്ലെന്നും റിപ്പോർട്ട് ആരോപിക്കുന്നു.യുഎൻ ആദ്യമായാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് തയാറാക്കുന്നത്.
അതേസമയം റിപ്പോർട്ട് അടിസ്ഥാനരഹിതവും ദുരുദ്ദേശപരവും ആണെന്നാണ് ഇന്ത്യയുടെ നിലപാട്. വ്യക്തിപരമായ മുൻവിധികൾ യു.എന്നിന്റെ വിശ്വാസ്യത കളയുന്നതാണെന്നുമാണ് റിപ്പോർട്ട് തള്ളിക്കൊണ്ട് കേന്ദ്രം പറയുന്നത്. യു.എൻ റിപ്പോർട്ടിന് മുന്നിൽ വിലപോവാത്ത വാദങ്ങൾ നിരത്തി മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് എൻ.ഡി.എ സർക്കാർ.