ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ വിരമിക്കൽ പ്രഖ്യാപിച്ചു. വംശീയമായ അധിക്ഷേപത്തെ തുടർന്നാണ് വിരമിക്കല്‍ തീരുമാനത്തിലെത്തിയതെന്ന് ഓസില്‍ വ്യക്തമാക്കി.
23 അംഗ ടീമും പരിശീലകനും അടങ്ങുന്ന ജർമ്മൻ ടീം ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ പഴി കേട്ടത് മുഴുവൻ ഒരാൾക്കായിരുന്നു. മധ്യനിര താരം മെസ്യൂട്ട് ഓസിലിന്. ജർമ്മൻ മാധ്യമങ്ങൾ തോൽവിക്ക് കാരണങ്ങൾ തിരയാതെ കാര്യങ്ങൾ ഓസിലിന് മേൽ കെട്ടിവെക്കാൻ തിടുക്കം കാണിച്ചു. ഓസിലിന്റെ ടർക്കിഷ് പാരമ്പര്യവും ഏർഡോഗനുമായുള്ള കൂടി കാഴ്ചയും ചർച്ച ചെയ്ത അവർ ഒരിക്കലും യാക്കിം ലോയുടെ ടീം സെലക്ഷനെയോ അമ്പേ പരാജയപ്പെട്ട പ്രതിരോധത്തെയോ പഴിച്ചില്ല.
ജർമ്മൻ ഫുട്ബോൾ അസോസിയേഷനിലെ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഇരയാണ് താൻ എന്നാണ് ഓസിൽ ആരോപിക്കുന്നത്. തന്റെ ടർക്കിഷ് പൈതൃകത്തെ അവഹേളിക്കാൻ ചിലർ മനഃപൂർവം ശ്രമിച്ചു എന്നും ഓസിൽ ആരോപിക്കുന്നുണ്ട്. ജയിക്കുമ്പോൾ താൻ അവർക്ക് ജർമ്മനിക്കാരൻ ആണെന്നും അല്ലാത്തപ്പോൾ ടർക്കിഷ് വംശജൻ മാത്രമാണെന്നും ഓസിൽ ആരോപിക്കുന്നുണ്ട്. ഏതായാലും പ്രതിസന്ധിയിൽ നിൽക്കുന്ന ജർമ്മൻ ഫുട്ബോളിൽ വലിയ ചലനങ്ങൾ ഓസിലിന്റെ രാജിയും ആരോപണങ്ങളും ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ലോകകപ്പിന് മുമ്പ് ലോക മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കുകളായിരുന്നു ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാകുവിന്റേത്. ജയിക്കുന്ന സമയങ്ങളിൽ ബെൽജിയംകാരനാവുന്ന ഞാൻ തോൽക്കുമ്പോൾ ആഫ്രിക്കൻ വംശജനാവുന്നു എന്നാണ് അന്ന് ലുകാകു പറഞ്ഞത്.