മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് വഡേക്കര്‍ (77) അന്തരിച്ചു. ഇന്ത്യയുടെ മുന്‍ നായകനും പരിശീലകനുമായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. രേഖയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്കിയ താരമാണ് അജിത് വഡേക്കര്‍. നായകനായും പരിശീലകനായും മികച്ച സേവനമാണ് ടീം ഇന്ത്യക്ക് വഡേക്കര്‍ നല്‍കിയത്. വിന്‍ഡീസിനെതിരെയായിരുന്നു വഡേക്കറുടെ അരങ്ങേറ്റം. 37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 2113 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 14 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്കായി രണ്ട് ഏകദിന മത്സരങ്ങള്‍ മാത്രമാണ് വഡേക്കര്‍ കളിച്ചത്.
71-ല്‍ വഡേക്കറുടെ നായകത്വത്തില്‍ വിന്‍ഡീസിനെതിരെ നേടിയ പരമ്പര വിജയം ഇന്ത്യയുടെ നേട്ടങ്ങളില്‍ എടുത്തുപറയാവുന്ന ഒന്നാണ്. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ മൂന്ന് പരമ്പരകള്‍ സ്വന്തമാക്കിയതും വഡേക്കറുടെ തൊപ്പിയിലെ പൊന്‍തൂവലാണ്.
പത്മശ്രീ, അര്‍ജുന അവാര്‍ഡ്, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്