കണ്ണൂർ : പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രക്ഷോഭങ്ങളിൽ പിണറായിക്ക് ഇരട്ടത്താപ്പ് സമീപനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ എടുത്ത കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി തയാറാകുമോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. കണ്ണൂർ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനി നയിച്ച സഹനസമര പദയാത്രയുടെ സമാപന പൊതുയോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത റാലിയോടെയാണ് സതീശൻ പാച്ചേനി നയിച്ച സഹനസമര പദയാത്രയ്ക്ക് സമാപനമായത്. കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നാരംഭിച്ച് സറ്റേഡിയം കോർണറിൽ സമാപിച്ച റാലിയിൽ സണ്ണി ജോസഫ് എം.എൽ.എയും ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളും ജാഥാ നായകൻ സതീശൻ പാച്ചേനിക്ക് ഒപ്പം മുൻനിരയിൽ അണിനിരന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
പൗരത്വനിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് വരുത്തുകയും അതേ സമയം സംസ്ഥാനത്ത് പ്രക്ഷോഭത്തിലേര്പ്പെടുന്നവര്ക്കെതിരേ കേസെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.പൗരത്വനിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും എടുത്ത കേസുകളുടെയും കണക്ക് പുറത്തുവിടാന്‍ പിണറായി വിജയന് തയാറുണ്ടോയെന്ന് ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു. ഇവർക്കെതിരെ എടുത്തിരിക്കുന്ന കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി തയാറാകുമൊയെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും സംസ്ഥാനത്ത് പിണറായി വിജയനും ചെയ്യുന്നത് ഒരേ കാര്യങ്ങളാണ്. സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിച്ച് മറ്റ് പാര്‍ട്ടിക്കാര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടയ്ക്കുകയാണ് രണ്ട് ഭരണാധികാരികളും ചെയ്യുന്നത്. രാജ്യത്തിപ്പോള്‍ ഒരു ഭരണമില്ല. മറിച്ച് കൃത്രിമമായി ഇമേജ് സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയുള്ള മാനേജ്മെന്റ് പ്രവര്‍ത്തനമാണ് നടക്കുന്നത്. പരസ്യപ്രചരണങ്ങള്‍ക്കായി കോടികളാണ് ചെലവഴിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷനായ ചടങ്ങിൽ കെ.സി ജോസഫ് എം.എൽ.എ, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, അഡ്വ. സജീവ് ജോസഫ്, സജീവ് മാറോളി, മേയർ സുമാ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.