ഭൂകമ്പവും സുനാമിയും നാശംവിതച്ച ഇന്തോനേഷ്യയിൽ മരണം 1407

ഭൂകമ്പവും സുനാമിയും സംഹാരതാണ്ഡവമാടിയ ഇന്തോനേഷ്യയിൽ മരണം 1407 ആയി. രാജ്യത്തെ കീഴ്‌മേൽ മറിച്ച ദുരന്തംനടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും ഉൾനാടൻ മേഖലയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. പതിനായിരത്തോളം കുട്ടികളടക്കം രണ്ട് ലക്ഷത്തോളം പേർക്ക് അടിയന്തരമായി സഹായം ആവശ്യമുണ്ടെന്ന് യുഎൻ അറിയിച്ചു.

കനത്ത നാശമുണ്ടായ പാലുവിലെ വിവിധ സ്ഥലങ്ങളിൽ ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് എന്നിവയ്ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. ഗതാഗത, വൈദ്യുത, വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായതിനാൽ രക്ഷാപ്രവർത്തനങ്ങളും പ്രതിസന്ധിയിലായി. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റെന്നും 70,000 വീട് പൂർണമായ് തകർന്നെന്നും സർക്കാർ അറിയിച്ചു.

ദുരിതബാധിത പ്രദേശങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ. മരുന്നുക്ഷാമം ദുരിതാശ്വാസ ക്യാമ്പുകളെ ഭീതിയിലാഴ്ത്തി. അതിനിടെ സുലാവേസി ദ്വീപിൽ ബുധനാഴ്ച അഗ്‌നിപർവത സ്‌ഫോടനമുണ്ടായി. മൗണ്ട് സോപുതാൻ അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചത്. ആളപായമില്ല. എന്നാൽ, ഇതുവഴിയുള്ള രക്ഷാപ്രവർത്തനങ്ങളെ ഇത് ബാധിച്ചു. 25 രാജ്യങ്ങൾ ഇന്തോനേഷ്യയെ സഹായസന്നദ്ധത അറിയിച്ചിട്ടുണ്ട്.
അതേസമയം, രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകളും വ്യോമസേനയുടെ രണ്ടുവിമാനങ്ങളും സഹായവുമായി ഇന്തോനേഷ്യയിലേക്ക് തിരിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘ഓപ്പറേഷൻ സമുദ്ര മൈത്രി ‘ എന്ന സമഗ്ര സഹായ പദ്ധതിക്കാണ് ഇന്ത്യ തുടക്കമിട്ടത്.

Comments (0)
Add Comment