ബ്രെക്‌സിറ്റ് : നിലപാടു മാറ്റി ട്രംപ്; തെരേസാ മേയ്ക്ക് പ്രശംസ

ബ്രെക്‌സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് എതിരേ രൂക്ഷവിമർശനം നടത്തിയ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മണിക്കൂറുകൾക്കകം നിലപാടു മാറ്റി.
തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതി യുഎസും ബ്രിട്ടനും തമ്മിലുള്ള വാണിജ്യബന്ധത്തിന് അന്ത്യംകുറിക്കുമെന്നു ബ്രസൽസിൽ സൺ പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു.

ബ്രെക്‌സിറ്റിലെ ഭിന്നതയെത്തുടർന്നു മേ കാബിനറ്റിൽനിന്നു രാജിവച്ച ബോറീസ് ജോൺസൺ പ്രധാനമന്ത്രിയാവാൻ യോഗ്യനാണെന്നും ട്രംപ് പറഞ്ഞു. ട്രംപിന്‍റെ പരാമർശങ്ങൾ ബ്രിട്ടന് അപമാനമാണെന്നു പല എംപിമാരും അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി മേയുമായി ചെക്കേഴ്‌സിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് മേയെ പ്രശംസകൊണ്ടു മൂടി. ബ്രെക്‌സിറ്റ് വൻ അവസരങ്ങളാണു പ്രദാനം ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ യുകെ എടുക്കുന്ന ഏതു നിലപാടിനോടും തനിക്കു യോജിപ്പാണെന്നും ട്രംപ് പറഞ്ഞു.

ബ്രിട്ടനുമായി മികച്ച വാണിജ്യബന്ധത്തിനാണു യുഎസ് ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സവിശേഷപ്രാധാന്യമുള്ളതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മേ അസാധാരണശക്തിയുള്ള വനിതയാണെന്നും അവർ വൻകാര്യങ്ങളാണു നിർവഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

Theresa MayDonald Trump
Comments (0)
Add Comment