ബാറ്റിംഗിൽ വിരാട് കോഹ്ലി തന്നെ ഒന്നാമൻ

Jaihind News Bureau
Monday, August 6, 2018

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇന്റർ നാണഷൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ഓസീസിന്റെ മുൻ നായകൻ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്ലി ഒന്നാം റാങ്ക് നേടിയത്. ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിലും കോഹ്ലിക്കാണ് ഒന്നാം സ്ഥാനം.

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ മിന്നും പ്രകടനമാണ് കോഹ്ലിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. രണ്ട് ഇന്നിങ്ങ്സിലായി 200 റൺസ് നേടി. പക്ഷെ ടെസ്റ്റിൽ ഇന്ത്യ തോറ്റു.

ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർക്കു ശേഷം ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് കോഹ്ലി. 2011 ൽ സച്ചിൻ ടെൻഡുൽക്കർ ഐസിസി ടെസ്റ്റ് ബാസ്റ്റ്മാന്മാരുടെ റാങ്കിൽ ആദ്യ സ്ഥാനം നേടിയിരുന്നു.

എഡ്ജ്ബാസ്റ്റണിൽ ആദ്യ ഇന്നിങ്ങ്സിൽ 149 റൺസ് നേടിയ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 22-ാം സെഞ്ചുറി കുറിച്ചു. രണ്ടാം ഇന്നിങ്ങ്സിൽ 51 റൺസും നേടി. ഈ മികച്ച പ്രകടനം ടെസ്റ്റ് റാങ്കിങ്ങിൽ 934 പോയിന്റ് നേടിക്കൊടുത്തു. ഇതാദ്യമായാണ് കോഹ്ലിക്ക് ഇത്രയും പോയിന്റ് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസീസിന്റെ മുൻ നായകൻ സ്റ്റീവ് സ്മിത്തിന് 929 പോയിന്റാണുളളത്.

റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനാണ് കോഹ്ലി. സുനിൽ ഗവാസ്‌ക്കറിന് 916 പോയിന്റ് ലഭിച്ചിരുന്നു. ഓസ്ട്രേലിയയുടെ ഡോൺ ബ്രാഡ്മാണാണ് ഏറ്റവും കൂടുതൽ റാങ്കിങ്ങ് പോയിന്റ് നേടിയ ബാറ്റ്സ്മാൻ-961 പോയിന്റ്.

സച്ചിൻ, കോഹ്ലി, ഗവാസ്‌ക്കർ എന്നിവർക്ക് പുറമെ ദിലിപ് വെംഗ്സർക്കാർ, രാഹുൽ ദ്രാവിഡ്, വീരേന്ദ്രർ സെവാംഗ്, ഗൗതം ഗംഭീർ എന്നി ഇന്ത്യൻ താരങ്ങളും ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ബൗളർമാരുടെ റാങ്കിങ്ങിൽ രവിചന്ദ്രൻ അശ്വിൻ അഞ്ചാം റാങ്കിലെത്തി.