ഫ്രഞ്ച് പടയോട്ടത്തില്‍ രാജ്യം നഷ്ടമായി അര്‍ജന്‍റീന

ലോകകപ്പിലെ ആവേശപോരാട്ടത്തിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന് ജയം. 7 ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയെ തോൽപിച്ച് ഫ്രാൻസ് ക്വാർട്ടറിൽ കടന്നത്. ഫ്രാൻസിന് വേണ്ടി എംബപ്പേ രണ്ട് ഗോൾ നേടിയപ്പോൾ ഗ്രീസ്മാനും പവാർഡും ഓരോ ഗോള്‍ വീതം നേടി. അർജൻറീനക്കായി ഡി മരിയയും, മെർക്കാഡോയും, അവസാന നിമിഷത്തിൽ അഗ്യൂറോയും ഗോൾ നേടി.

മിശിഹായുടെ മാന്ത്രികതയ്ക്കും സാധിച്ചില്ല ഫ്രഞ്ച് പടയെ പിടിച്ചുകെട്ടാൻ. ആവേശ പ്രീക്വാർട്ടറിൽ അർജന്റീനയെ മൂന്നിനെതിരേ നാല് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ തോൽവിയോടെ അർജന്റീന റഷ്യൻ ലോകകപ്പിൽ നിന്ന് പുറത്തായി. ഫ്രഞ്ച് വീരൻമാരുടെ ആക്രമണ വീര്യത്തിന് മുന്നിൽ നീലപ്പട അവസാന നിമിഷം വരെ പൊരുതിനോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ സാധിച്ചില്ല.

എംബാപ്പ ഇരട്ട ഗോളുകളുമായി ഫ്രാൻസിന്‍റെ പടനയിച്ചപ്പോൾ പവാർഡും ഗ്രിസ്മാനും ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടി. എയ്ഞ്ചൽ ഡി മരിയയും മെർക്കാഡോയും സെർജിയോ അഗ്യൂറോയുമാണ് അർജന്റീനയുടെ സ്‌കോറർമാർ.

4-3-3 ഫോർമാറ്റിൽ അർജന്റീന ബൂട്ടണിഞ്ഞപ്പോൾ ഒലിവർ ജിറൗഡിനെ കുന്തമുനയാക്കി 4-2-3-1 ഫോർമാറ്റിലാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്. മൽസരത്തിന് വിസിൽ ഉയർന്നപ്പോൾ മുതൽ ആക്രമണ ഫുട്‌ബോളാണ് ഫ്രാൻസ് പുറത്തെടുത്തത്. പന്തടക്കത്തിൽ ആധിപത്യം അർജന്റീനയ്‌ക്കൊപ്പമായിരുന്നെങ്കിലും മിന്നൽ വേഗതകൊണ്ട് ഫ്രഞ്ച് പട നിരന്തരം അർജന്റീനയെ വിറപ്പിച്ചു.

11ാം മിനിറ്റിൽ അർജന്റീനൻ ആരാധകർക്ക് തിരിച്ചടി നൽകി ഫ്രാൻസിന് അനുകൂലമായി പെനൽറ്റി വിധിച്ചു. ഇടത് വിംഗിലൂടെ പന്തുമായി മുന്നേറിയ എംബാപ്പെയെ ബോക്‌സിനുള്ളിൽ റോഹോ ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് ഫ്രാൻസിന് പെനൽറ്റി ലഭിച്ചത്. കിക്കെടുത്ത ഗ്രിസ്മാന്റെ ഷോട്ട് അർജന്റീനൻ ഗോൾകീപ്പർ അർമാനിയെ മറികടന്ന് വലയിൽ പതിച്ചതോടെ ഫ്രാൻസിന്റെ അക്കൗണ്ടിൽ ആദ്യ ഗോൾ പിറന്നു.

പന്തടക്കത്തിൽ ആധിപത്യം അർജന്റീനൻ താരങ്ങൾ സുരക്ഷിതമാക്കിയെങ്കിലും ഗോൾശ്രമങ്ങളെല്ലാം ഫ്രാൻസിന്റെ പ്രതിരോധത്തിൽ തട്ടി തകർന്നു. 28-ാം മിനിറ്റിൽ ഗോൾ മടക്കാൻ മെർക്കാഡോയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും അവസരം പാഴായി. മെർക്കാഡോയുടെ ഷോട്ട് ഉംറ്റിറ്റിയുടെ കൈയിൽ തട്ടിയെങ്കിലും റഫറി അനുവദിച്ചില്ല.

കാത്തിരിപ്പിനൊടുവിൽ അർജന്റീന ഗോൾ മടക്കി. 41-ാം മിനിറ്റിൽ ബനേഗ നൽകിയ പാസിനെ മാർക്ക് ചെയ്യപ്പെടാതെ നിന്ന എയ്ഞ്ചൽ ഡി മരിയ തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ആദ്യ പകുതി പിന്നിടുമ്പോഴും ഓരോ ഗോളുകൾ നേടി സമനില പങ്കിട്ടാണ് ഇരു കൂട്ടരും പിരിഞ്ഞത്. രണ്ടാം പകുതിയിൽ മഞ്ഞക്കാർഡ് കണ്ട റോഹോയെ പുറത്തിരുത്തി പകരം ഫാസിയോയ്ക്ക് സാംപോളി അവസരം നൽകി. രണ്ടാം പകുതിയിലും ആക്രമണം വിടാതെയാണ് ഫ്രാൻസ് കളിച്ചത്.

47-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് ഡി മരിയയെ ഫൗൾ ചെയ്തതിന് ഫ്രീകിക്ക് ലഭിച്ചത് അർജന്റീന മുതലാക്കി. ലയണൽ മെസിയുടെ ഇടങ്കാൽ ഷോട്ട് മെർക്കാഡോയുടെ കാലിൽ തട്ടി വലയിലെത്തി.

57-ാം മിനിറ്റിൽ നീലപ്പടയുടെ ആരാധകരെ നിരാശരാക്കി ഫ്രഞ്ച് പട സമനില പിടിച്ചു. 64ാം മിനിറ്റിൽ അർജന്റീനൻ ആരാധകരെ ആശങ്കയിലാഴ്ത്തി ഫ്രഞ്ച് പട ലീഡെടുത്തു. എംബാപ്പയുടെ തകർപ്പൻ ഷോട്ട് അർമാനിയെയും മറികടന്ന് ഗോൾവലയിലെത്തി.

66ാം മിനിറ്റിൽ പെരെസിനെ പിൻവലിച്ച് അഗ്യൂറോയെ കളത്തിലിറക്കി അർജന്റീന തന്ത്രം മെനഞ്ഞു. എന്നാൽ അർജന്റീനൻ ആരാധകരെ ഞെട്ടിച്ച് ഫ്രാൻസ് വീണ്ടും ലീഡുയർത്തി.

68-ാം മിനിറ്റിൽ ജിറൗഡിന്റെ പാസിൽ എംബാപ്പ തന്റെ രണ്ടാം ഗോൾ കണ്ടെത്തി ഫ്രാൻസിന്റെ അക്കൗണ്ടിൽ നാലാം ഗോൾ ചേർത്തു.

രണ്ട് ഗോളിന്റെ ലീഡെടുത്ത ആധിപത്യത്തോടെ കളത്തിലുറച്ച ഫ്രഞ്ച് പടയ്ക്ക് മുന്നിൽ നീലപ്പട നന്നായി വിയർത്തു. 75-ാം മിനിറ്റിൽ പാവോണിനെ തിരിച്ചുവിളിച്ച് പകരം മാസിമിലിയാനോ മേസയെ അർജന്റീന കളത്തിലിറക്കി.

84-ാം മിനിറ്റിൽ ലയണൽ മെസി മികച്ച മുന്നേറ്റം നടത്തിയെങ്കിലും ദുർബല ഷോട്ട് ഗോൾകീപ്പർ പിടിച്ചെടുത്തു. 93-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെ ഒരു ഗോളുകൂടി മടക്കിയെങ്കിലും വിജയത്തിലേക്ക് അത് മതിയാവുമായിരുന്നില്ല അർജന്റീനയ്ക്ക്.

ഒടുവിൽ അവസാന വിസിൽ ഉയർന്നപ്പോൾ കണ്ടത് നീലപ്പടയുടെ നഷ്ടബോധത്തിന്റയും ഫ്രഞ്ച് പടയുടെ ആഹ്ലാദാരവങ്ങളുടേയും കാഴ്കൾ…

Messifranceargentina
Comments (0)
Add Comment