ഫിഫ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഈജിപ്ത് ഉറുഗ്വെയെയും രണ്ടാം മത്സരത്തിൽ മൊറോക്കോ ഇറാനെയും മൂന്നാം മത്സരത്തിൽ പോർച്ചുഗൽ സ്പെയിനെയും നേരിടും.
ഇന്ന് വൈകുന്നേരം 5.30 ആണ് ഈജിപ്ത് ഉറുഗ്വെ പോരാട്ടം. ഈജിപ്തിന്റെ മുഹമ്മദ് സലാ കളിക്കുന്നു എന്ന വാർത്ത ഈജിപ്ത് ആരാധകർക്ക് ആഹ്ലാദം പകരുന്നതാണ്. എന്നാൽ ഡി യാ ഗോ ഫോർലാൻ അന്താരാഷ്ട്ര മത്സരങ്ങളോട് വിടവാങ്ങിയത് ഉറുഗ്വെ ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ലൂയിസ് സുവാരസ് എന്ന ഫോർവേർഡ് പ്ലേയറിനെ ആശ്രയിച്ചായിരിക്കും ടീം ഉറുഗ്വെയുടെ പ്രകടനം. മത്സരം കടുക്കും എന്നതിൽ സംശയം വേണ്ട.
വൈകിട്ട് 8.30 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മോറോക്കോ ഇറാനെ നേരിടും. ചെറിയ ടീമാണ് മോറോക്കോ എങ്കിലും സമീപകാല മത്സരങ്ങളിൽ നിലവാരം പുലർത്തിയിട്ടുണ്ട്. ഏഷ്യൻ ശക്തികളായ ഇറാനുമായി കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ അട്ടിമറി സാധ്യതകൾ തള്ളികളയാനാവില്ല.
രാത്രി 11.30 ക്ക് പോർച്ചുഗൽ സ്പെയിനെ നേരിടും. തീപാറുന്ന ഒരു മത്സരത്തിനാകും റഷ്യ സാക്ഷ്യം വഹിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൾ പോരാട്ടവും സെർജിയോ റാമോസിന്റെ പ്രതിരോധ വീര്യവും കൂടുമ്പോൾ എല്ലാം പ്രവചനാതീതം.