പ്രവാസികളുടെ ആദ്യസംഘങ്ങള്‍ കേരളത്തില്‍; നെടുമ്പാശ്ശേരിയിലും കരിപ്പൂരും വിമാനങ്ങളെത്തി; വരവേറ്റ് ജന്മനാട്

Jaihind News Bureau
Thursday, May 7, 2020

 

കൊച്ചി: പ്രവാസികളുടെ ആദ്യസംഘങ്ങള്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരിയിലും കരിപ്പൂരും വിമാനങ്ങളെത്തി.  അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായാണ് ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങിയത്. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി.

വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയിരുന്നത്. ആകെ എട്ട് കെഎസ്ആർടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കടത്തിവിടും. ആർക്കെങ്കിലും രോഗലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.

ദുബായ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്ന് 189 പ്രവാസികളാണ് രാത്രി 10.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരില്‍ 74 പേര്‍ കോഴിക്കോട് സ്വദേശികളാണ്. 52 പുരുഷന്മാരും 22 സ്ത്രീകളും ഉള്‍പ്പെടും.

രാത്രി 10.30 ന് വിമാനത്താവളത്തിലെത്തിയ പ്രവാസികളെ സ്വീകരിക്കാനായി വലിയ മുന്നൊരുക്കങ്ങള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ എത്തിയ ഇവരെ പുറത്തിറക്കിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കുമായി പോകാന്‍ അനുവദിച്ചത്.തെര്‍മല്‍ സ്‌കാനിങ്ങിന് ശേഷം, റാപ്പിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി.