കാലവർഷക്കെടുതിയിൽ ഇടുക്കിയിൽ മരണമടഞ്ഞത് 51 പേർ. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായത് എട്ടു പേർ. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. പൂർണമായി ഒറ്റപ്പെട്ട ജില്ലയിലെ ഗതാഗത സംവിധാനം ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല.
52 പേര്‍ക്ക് ഗുരുതര പരിക്ക് പറ്റി. കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവരില്‍ 42 പേര്‍ മരിച്ചത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലമാണ്. മുങ്ങി മരിച്ചത് മൂന്നുപേരാണ്. ബാക്കിയുള്ളവര്‍ മരിച്ചത് മരം വീണും വൈദ്യതി ആഘാതമേറ്റുമാണ്.
കാലവര്‍ഷത്തില്‍ ഇതേവരെ 389 വീടുകള്‍ പൂര്‍ണമായി നശിച്ചു. 1732 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ജില്ലയിലെ റോഡുകൾ ഇപ്പോഴും തകർന്നുകിടക്കുകയാണ്. കൊച്ചി-മധുര ദേശീയപാതയിലെ ഗതാഗതം പോലും ഇതുവരെ പുനഃസ്ഥാപിക്കാനായില്ല. മൂന്നാർ ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാകാത്തതിനാൽ ജില്ലാ കളക്ടറേറ്റും ഒറ്റപ്പെട്ട നിലയിലാണ്.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളില്‍ 10,630 കുടുംബങ്ങളിലെ 33,835 പേരാണ് കഴിയുന്നത്. ഇതില്‍ 13,366 പേര്‍ പുരുഷന്‍മാരും 14,083 പേര്‍ സ്ത്രീകളും 6386 പേര്‍ 18 വയസില്‍ താഴെയുള്ളവരുമാണ്.
ഏറ്റവും കൂടുതല്‍ പേര്‍ ഇടുക്കി താലൂക്കിലെ ക്യാമ്പുകളിലാണ്. 15396 പേരാണ് ഇവിടെ കഴിയുന്നത്. ദേവികുളം താലൂക്കില്‍ 7362 പേരും പീരുമേട് താലൂക്കില്‍ 3440 പേരും തൊടുപുഴ താലൂക്കില്‍ 3704 പേരും ഉടുമ്പന്‍ചോല താലൂക്കില്‍ 3933 പേരും കഴിയുന്നു. എല്ലാ താലൂക്കുകളിലുമായി 203 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
മഴ കുറഞ്ഞതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പലരും തിരിച്ചു പോകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഭൂമി വിണ്ടു കീറി ഇരിക്കുന്നതും മണ്ണിടിഞ്ഞിരിക്കുന്നതും തടസമാകുന്നു.