പ്രകൃതിയോട് കഥ പറഞ്ഞ് കഴിയാൻ ഇതാ ഒരു കളിമൺ വീട്. നൂറ്റിനാൽപതിലധികം മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന പച്ചപ്പിലാണ് സിദ്ധാർത്ഥ എന്ന ഈ മൺ വീട് .ലോക പ്രശസ്ത വാസ്തുശില്പി ജി ശങ്കർ നിർമിച്ച ഈ കളിമൺ ഭവനമാണ് ഇപ്പോൾ വാസ്തുശിൽപ മേഖലയിൽ അത്ഭുതമായി മാറിയിരിക്കുന്നത്.
മരങ്ങളുടെയും ചെടികളുടെയും പച്ചപ്പിനുള്ളിലാണ് സിദ്ധാർത്ഥ എന്ന കളിമൺവീട്.വീടിന്റെ മുകളിലായി വള്ളി ചെടികൾ പടർന്നു കിടക്കുന്നു. നമുക്ക് കണ്ട് പരിചയമില്ലാത്ത കടും നിറങ്ങൾ ഇല്ലാത്ത ഒരു വീട്. തിരമാലകളുടെ രൂപത്തിലുള്ള മേൽക്കൂര പ്രകൃതിയോടുള്ള സ്നേഹത്തെ സൂചിപ്പിക്കുന്നു. 15 വർഷങ്ങൾക്ക് മുൻപ് ഈ 3 എക്കർ സ്ഥലം വാങ്ങുമ്പോൾ ആർക്കിടെക്ട് ശങ്കറിന്റെ മനസ്സിൽ വീട് വെക്കണമെന്നാരു ചിന്തയില്ലായിരുന്നു. പ്രകൃതിയോടുള്ള സ്നേഹത്തിൽ പല തരം മരങ്ങൾ നട്ടുവളർത്തുകയാണ് അദ്ദേഹം ചെയ്തത്.
വീടിനെക്കാൾ അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നത് തണലിടം നിർമിക്കുക എന്നതായിരുന്നു. ഇത്തിയും വട്ടയും മുളയുമൊക്കെയാണ് ആ മണ്ണിൽ വളർന്നത്. താൻ ഒരു വീട് നിർമിക്കണമെന്ന് ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഭൂമിയുടെ അവകാശികളായ പൂമ്പാറ്റകളും കിളി കളും മറ്റ് പ്രാണികളും അവിടെ വാസം ഉറപ്പിച്ചുവെന്ന് ശങ്കർ പറയുന്നു.
ഇരുനില കെട്ടിട്ടമാണെങ്കിലും രൂപത്തിലും ഭാവത്തിലും വ്യത്യസ്തമാണ് ഈ മൺ വീട്. തനത് വീട് നിർമാണ രീതിയിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ ഈ ഭവനത്തിനുണ്ട്.
വീടിന്റെ പൂമുഖത്തിന്റെ പ്രത്യേകത ചുമരിനോട് ചേർന്നുള്ള ഇരിപ്പിടങ്ങളാണ്. ലീവിങ്ങ് മുറിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന തരത്തിലാണ് നിർമാണം ഉച്ച സമയത്ത് പോലും തണുപ്പ് അനുഭവപ്പെടുന്നു.. ഒരു പാട് മുറികളുടെ കൂട്ടമല്ല ഈവീടിനുള്ളത്.വീടിനകത്തളത്തിലൂടെ യഥേഷ്ടം നടക്കാം ‘നാലു ചുമരുകൾ കൊണ്ട് കെട്ടിയടച്ചിരിക്കുന്നത് കിടപ്പ് മുറികൾ മാത്രമാണ്. ലീവിങ്ങ് റൂമും ഡൈനിങ് റൂമും പകുതി ചുമരുകൾ കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്. വായനാമുറിയിലേക്ക് നടുമുറ്റത്ത് നിന്നുള്ള നിഴലും വെളിച്ചവും ലഭ്യമാകുന്നു. വീട് വയ്ക്കണമെന്ന് ചിന്ത മനസിൽ തോന്നിയപ്പോൾ ചിതൽപുറ്റാണ് മനസിലേക്ക് കടന്നു വന്നതെന്ന് ജി ശങ്കർ പറയുന്നു.
മണ്ണിനെ പല രൂപത്തിൽ ഉപയോഗിച്ചാണ് വീടിന്റെ നിർമാണം. ചുമരുകൾ മണ്ണു കുത്തിനിറച്ചാണ് നിർമിച്ചിരിക്കുന്നത്. ഉപയോഗശൂന്യമായ മരങ്ങൾ കൊണ്ടാണ് വാതിലുകളും ജനലുകളും നിർമിച്ചിരിക്കുന്നത്. എന്നാൽ മൺ വീടിന്റെ ആയുസിനെ കുറിച്ചും വീടിന്റെ ദൃഢതയെ കുറിച്ചും ഉറച്ച വിശ്വാസമാണ്ജി ശങ്കറിനുള്ളത്.
വീടിനോട് ചേർന്നുള്ള പറമ്പിൽ ബട്ടർഫ്ളൈ പാർക്കും കുളവും സ്ഥിതി ചെയ്യുന്നു. പ്രാർഥനക്കായി ഒരു സ്ഥലവും ഉണ്ട്. പക്ഷികളും ശലഭങ്ങളും കോഴികളും ആടുകളും പശുക്കളും ഒക്കെ അടങ്ങുന്ന ലോകമാണ് ശങ്കർ എന്ന പ്രകൃതി സ്നേഹിയുടേത്.
ഈ പ്രകൃതി സ്നേഹിയായ മനുഷ്യൻ നമുക്ക് മാതൃകയാണ്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണമെന്നതിന് ഉത്തമ ഉദാഹരണമാണ് ശങ്കർ എന്ന വാസ്തുശില്പി.