പോലീസ് ഡ്രൈവർ ഗവാസ്കറിനെ എഡിജിപിയുടെ മകൾ മർദ്ദിച്ച കേസിൽ എഡിജിപി സുദേഷ് കുമാറിന്‍റെ മകൾ സ്നിക്ത പോലീസിന് നൽകിയത് വ്യാജ പരാതിയെന്ന് തെളിയുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഗവാസ്കറെ സംഭവം നടന്ന കനകക്കുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാലിലൂടെ വാഹനം കയറിയിറങ്ങിയതിന് തെളിവില്ല. അതേ സമയം, ഡ്യൂട്ടി രേഖകളിൽ മറ്റൊരു ഡ്രൈവറുടെ പേരെഴുതി ചേർത്ത് എഡിജിപിയുടെ വാഹനം ഗവാസ്കർ ഓടിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാനും ശ്രമം നടന്നു.
ഗവാസ്കർ ഔദ്യോഗിക വാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കി എന്നാണ് എഡിജിപി സുദേഷ്കുമാറിന്റെ മകൾ സ്നിക്ത കുമാർ നൽകിയ പരാതി. ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ച അന്വേഷണ സംഘത്തിന് പക്ഷെ ഇത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റെന്നാണ് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ സ്നിക്ത പറഞ്ഞിരുന്നത്.ആശുപത്രി രേഖകളിലും ഇക്കാര്യം വ്യക്തമാണ്.സ്നിക്തയ്ക്ക് കാര്യമായ പരിക്കൊന്നുമുണ്ടായിരുന്നില്ലെന്നു ഇവരെ പരിശോധിച്ച ഡോക്ടറും മൊഴി നൽകിയിട്ടുണ്ട്.
അതേ സമയം, ഗവാസ്കറിന് മർദനമേറ്റ ജൂണ് 14ന് എഡിജിപിയുടെ ഔദ്യോഗിക വാഹനം ഓടിച്ചത് ഗവാസ്കർ അല്ലാ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നടന്നു. എഡിജിപിയുടെ ഔദ്യോഗിക വസതിയിലെ ഡ്യൂട്ടി ബുക്കിൽ മറ്റൊരു ഡ്രൈവറായ ജൈസന്റെ പേരെഴുതി ചേർത്താണ് അട്ടിമറിക്ക് ശ്രമം നടത്തിയത്. എന്നാൽ സംഭവ ദിവസം ഗവാസകറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് താൻ ആശുപത്രിയിൽ നിന്നുംവാഹനമെടുത്തതെന്ന് ജൈസൺ അന്വേഷണ സംഘത്തിന് മൊഴി നൽകി. സ്നിക്ത പോലീസിന് നൽകിയ മൊഴിയിലും കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും വാഹനമോടിച്ചിരുന്നത് ഗവാസകർ തന്നെയാണെന്ന് പറഞ്ഞിട്ടുമുണ്ട്.
കൂടാതെ എഡിജിപിയുടെയും മകളുടെയും മൊഴികളിലും വൈരുധ്യമുണ്ട്. അതേ സമയം ഗവസ്കറെ സംഭവം നടന്ന കനകക്കുന്നിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. എന്നാൽ കനകക്കുന്നിലും പരിസരതതുമുള്ള സിസിടിവി ദൃശ്യങ്ങൾ ഇനിയും പരിശോധനാ വിധേയമാക്കിയിട്ടില്ല. വാഹന പരിശോധനയിലും തെളിവെടുപ്പിലും സ്നിക്തയുടെ പരാതിയെ സാധുകരിക്കുന്ന തെളിവുകൾ ലഭിക്കാതെ വരുന്നതോടെ ഗവാസകറിനെതിരായ പരാതി പൊളിയുമെന്ന കാര്യത്തിൽ സംശയമില്ല.