സര്‍ക്കാരുകളും സംഘടനകളും ജാഗ്രതയോടെ ഉണര്‍ന്നിരിക്കണം
യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് യുഎഇ ഭരണക്കൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും എന്നതില്‍ സംശയമില്ല. 2018 ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നു മാസത്തേയ്ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ച് ഇവിടെ താമസിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 31നുള്ളില്‍ തങ്ങളുടെ താമസരേഖകള്‍ നാമമാത്രമായ ഫീസ് നല്‍കി നിയമവിധേയമാക്കുകയോ, നിയമ നടപടി കൂടാതെ രാജ്യം വിട്ടുപോവുകയോ ചെയ്യാമെന്നാണ് പൊതുമാപ്പ് വഴി അധികൃതര്‍ ലക്ഷ്യമിടുന്നത്. താമസ രേഖകള്‍ നിയമവിധേയമാക്കി സ്വയം രക്ഷ ഉറപ്പാക്കൂ എന്ന പേരിലുള്ള ഈ പൊതുമാപ്പിന്റെ വിശദ വിവരങ്ങള്‍ , അധികൃതര്‍ തയ്യാറാക്കി വരുകയാണ്. അതിനാല്‍, ഇത്തരത്തില്‍ മടങ്ങുന്നവര്‍ക്ക് യുഎഇയിലേയ്ക്ക് തിരിച്ചുവരാനാകുമോ, എത്ര വര്‍ഷത്തെ യാത്രാ വിലക്ക് ഉണ്ടാകും എന്ന വിഷയങ്ങളിലും ഉടന്‍ തീരുമാനം പ്രതീക്ഷിക്കാം. അതിനാല്‍, മടങ്ങി വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരും, വിവിധ സംസ്ഥാന സര്‍ക്കാരുകളും കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. യുഎഇയില്‍ ജാതി-മത-പ്രാദേശിക-രാഷ്ട്രീയ നിറങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കൂട്ടായ്മകളും, ഇനി സന്നദ്ധ സേവനത്തിനായി ഇറങ്ങേണ്ട സമയം കൂടിയായി പൊതുമാപ്പ് മാറിയിരിക്കുന്നു. യുഎഇയിലെ ഇന്ത്യന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ കഠിന പ്രയത്‌നം കൊണ്ട്, പരാതികള്‍ ഇല്ലാതെ, മടക്കായാത്ര നടത്തിയ പാരമ്പര്യമാണ്, ഇതിന് മുമ്പുള്ള പൊതുമാപ്പിന്റെ പാഠം നല്‍കുന്ന സന്ദേശം.
അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള പൊതുമാപ്പ്
നേരത്തെ, 2013ലായിരുന്നു ഇതിന് മുന്‍പ് യുഎഇയില്‍ പൊതുമാപ്പ് ഉണ്ടായിരുന്നത്. ഇതിന് ശേഷം, പാസ്‌പോര്‍ട്ടും പോലും നഷ്ടപ്പെട്ട് , താമസ രേഖകള്‍ ഇല്ലാതെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കുടുങ്ങിക്കിടക്കുന്ന മലയാളി കുടുംബങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഈ രാജ്യത്തുണ്ട് എന്നാണ് പ്രാഥമിക കണക്ക്. ഇത്തരക്കാര്‍ക്ക് ഇത് മികച്ച സുവര്‍ണാവസരമാണ്. 2013 ലെ പൊതുമാപ്പ് കാലാവധി രണ്ട് മാസമായിരുന്നെങ്കില്‍, ഇപ്രാവശ്യം ഒരു മാസം കൂടുതല്‍ നല്‍കി, ഇത് മൂന്ന് മാസമാക്കി വര്‍ധിപ്പിച്ചു.
നിയമപരമായി എത്തിയവര്‍ എങ്ങിനെ നിയമവിരുദ്ധരാകുന്നു
സ്വന്തം പാസ്‌പോര്‍ട്ടില്‍, നിയമപരമായി മാതൃരാജ്യത്ത് നിന്ന് വരുന്നവര്‍, ഇവിടെ എത്തി, കുടുങ്ങുന്നത് പതിവായി മാറുകയാണ്. തൊഴിലുടമയുടെ ചതിയില്‍പ്പെട്ടും വ്യാപാരം പൊളിഞ്ഞുമാണ് ഇത്തരം കേസുകളില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. അറിയപ്പെടുന്ന ബിസിനസുകാര്‍ വരെ, ഇത്തരത്തില്‍ രാജ്യത്ത് കുടുങ്ങി, ഔട്ട്പാസിനായി കാത്തിരിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തെ കരാറിലാണ് , തൊഴിലാളികളെ കൊണ്ടുവരുന്നത്. പലപ്പോഴും ലേബര്‍ സപ്ലൈ കമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പലതരം വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടുവരുന്ന തൊഴിലാളികള്‍ക്ക് പറഞ്ഞ ശമ്പളം നല്‍കാറില്ല. മാത്രമല്ല, പലപ്പോഴും ശമ്പളം മുടങ്ങുകയും ചെയ്യുന്നു. ഇതോടെ, പലരും പാസ്‌പോര്‍ട്ട് പോലും തിരിച്ചുവാങ്ങാതെ, കമ്പനികളില്‍ നിന്ന് ഒളിച്ചോടുകയാണ്. ഇത്തരക്കാരാണ്, മറ്റു പല തൊഴിലുകളും ചെയ്തു ജീവിക്കുന്നത്. എന്നാല്‍, ഇത്തരക്കാര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല. അഞ്ച് വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഇവര്‍ക്ക് പൊതുമാപ്പ് എന്ന ഈ നടപടി ഇല്ലാതെ, സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ കഴിയില്ല. കാരണം, ഇത്തരക്കാര്‍ക്ക് വന്‍ തുക പിഴ അടയ്‌ക്കേണ്ടി വരും. അതിനാല്‍, പിഴ ഇല്ലാതെ രാജ്യം വിടാനുള്ള വലിയ അവസരം കൂടിയാണ് പൊതുമാപ്പ്. അതിനാല്‍, 2018 ഓഗസ്റ്റ് ഒന്ന് എന്ന തിയതിയ്ക്കായി ഇവര്‍ കാത്തിരിക്കുകയാണ്.
പൊതുമാപ്പില്‍ മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു
പൊതുമാപ്പില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയത് 2003 ലാണ്. അന്ന് , ആകെ ഒരു ലക്ഷത്തോളം പേര്‍ മടങ്ങിയെങ്കില്‍, അതില്‍ ബഹുഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഉത്തരേന്ത്യക്കാരായിരുന്നു. എന്നാല്‍, 2013 ലെ പൊതുമാപ്പില്‍, യുഎഇയില്‍ നിന്ന് മടങ്ങിയ 62,000 പേരില്‍, മുന്നില്‍, ബംഗ്‌ളാദേശ് , പാക്കിസ്ഥാന്‍ സ്വദേശികളായിരുന്നു കൂടുതല്‍. അന്നും ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്കായി, നടത്തിയ മികച്ച ബോധവല്‍ക്കരണം ഈ രംഗത്തെ വീസാ റാക്കറ്റ് തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ഒരുപരിധി വരെ കാരണമായി. അതും, പൊതുമാപ്പില്‍ മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയാന്‍ സഹായകരമായി. യുഎഇ എന്ന രാജ്യം, 1996 ലെ ആദ്യ പൊതുമാപ്പില്‍ നിന്ന്, 2018 വര്‍ഷത്തെ, അഞ്ചാമത്തെ പൊതുമാപ്പില്‍ എത്തി നില്‍ക്കുമ്പോള്‍, ഈ രാജ്യം ഒരുപാട് വളര്‍ന്നിരിക്കുന്നു. ആ വികസന വളര്‍ച്ചയില്‍, രാജ്യത്തെ ഭരണാധികാരികളുടെ മനസും വളര്‍ച്ചയ്‌ക്കൊപ്പം, വലുതാകുകയാണ്. പൊതുമാപ്പ് എന്ന ഭരണാധികാരികളുടെ ഈ വലിയ കാരുണ്യം നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്.