പാർട്ടിക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം സി.പി.എം നേതാവായ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഴിമുഖത്ത് ബോട്ടിൽനിന്ന് ചാടി. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ കൃഷ്ണൻ (74) ആണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനിൽനിന്ന് ഫോർട്ട് കൊച്ചിക്കുള്ള ഫെറി ബോട്ടിൽ നിന്ന് കായലിൽ ചാടിയത്.
ഇദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സഹയാത്രികന്റെ കൈവശം കത്തേൽപിച്ച ശേഷമാണ് കൃഷ്ണൻ കായലിൽ ചാടിയത്. മാർച്ച് മാസം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. തന്നെ പുകച്ചു പുറത്തുചാടിക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മറ്റിയെന്ന് കത്തിൽ ആരോപിച്ചിട്ടുണ്ട്.