നോട്ട് നിരോധനവും തുടര്‍ക്കാഴ്ചകളും

നോട്ട് നിരോധനത്തെക്കുറിച്ച് 56ഇഞ്ച് നെഞ്ചളവുള്ള നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇന്ത്യന്‍ ജനതയോട് തെര്യപ്പെടുത്തിയത് ഇങ്ങനെയൊക്കെ ആയിരുന്നു. 500ഉം 1000 രൂപയുടെയും കള്ളനോട്ടടിച്ച് പാകിസ്ഥാന്‍ ഇന്ത്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു. ഇത് ആദ്യത്തെ കാരണം. രണ്ടാമതായി മോദി മാറ്റിപ്പറഞ്ഞു, ഇന്ത്യ ക്യാഷ് ലെസ് ഇക്കണോമിയിലേയ്ക്ക് പോകണം. കള്ളപ്പണം കണ്ടെത്താനാണ് നോട്ട് നിരോധിച്ചതെന്ന് പിന്നെയും തിരുത്തിയ മോദി ന്യായീകരണങ്ങളുടെ  ഘോഷയാത്രയിലൂടെ ഓരോ ദിവസവും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ഇതിന്‍റെ തിക്ത ഫലം അനുഭവിച്ചത് ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ആയിരുന്നു. പൊരിവെയിലില്‍ എടിഎമ്മിന് മുന്നില്‍ ദൈനംദിനാവശ്യത്തിനുള്ള സ്വന്തം പണം പിന്‍വലിക്കാന്‍ മാസങ്ങളോളം ക്യൂ നിന്ന് വലഞ്ഞ ജനം… ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അതൊരു ദുരിതക്കാഴ്ചയായിരുന്നു. കുഴഞ്ഞു വീണ് മരിച്ചവര്‍ നൂറിലേറെപ്പേര്‍.

പക്ഷേ ഇപ്പോഴാണ് യാഥാര്‍ത്ഥ്യം തെളിഞ്ഞ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വിശ്വസ്തന്‍, അതായത്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ നോട്ട് മാറ്റിയെടുത്തു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നോട്ട് നിരോധനത്തിന്‍റെ ഗുണഭോക്താക്കള്‍ ബിജെപി നേതാക്കളും ബിജെപിയോട് അടുപ്പമുള്ള ബിസിനസുകാരുമായിരുന്നു എന്ന കാര്യം നേരത്തെ  തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

രാജ്യത്തെ തന്നെ ജില്ലാ, സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കിടയിലുള്ള ഏറ്റവും വലിയ നിരോധിത നോട്ട് മാറ്റമാണ് അമിത്ഷാ ഡയറക്ടറായുള്ള ബാങ്കില്‍ നടന്നത്. മനോരഞ്ജന്‍ എസ്. റോയ് എന്ന മുംബൈ സ്വദേശിയുടെ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് ഈ കണക്കുകള്‍ കഥ പറയുന്നത്. 2016 നവമ്പര്‍ 8ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നവംബര്‍ 14ന് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നോട്ട് നിരോധന പ്രഖ്യാപനത്തിന് 5 ദിവസങ്ങള്‍ക്കുള്ളിലായിരുന്നു അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപ വെളുപ്പിച്ചത്.

ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത തിരസ്കരിക്കുകയായിരുന്നു. ദ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് മനോരഞ്ജന്‍ എസ്. റോയിയെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചില ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവരുടെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് മണിക്കൂറുകള്‍ക്കകം റിപ്പോര്‍ട്ട് പിന്‍വലിക്കുകയായിരുന്നു.

മോദിയും ബിജെപി സര്‍ക്കാരും ഏറെ കൊട്ടിഘോഷിച്ച  നോട്ട് നിരോധനം ബിജെപിയോട് അടുത്തു നില്‍ക്കുന്ന കള്ളപ്പണക്കാരുടെ സമ്പാദ്യം വെളുപ്പിക്കാനായിരുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ താത്പര്യവും വിഘടനവാദികളുടെ നട്ടെല്ലൊടിക്കാനും നോട്ട് നിരോധനത്തിലൂടെ കഴിഞ്ഞെന്ന് അവകാശപ്പെട്ട ബിജെപി നേതൃത്വം തന്നെയാണ് ഇതിന്‍റെ ഗുണഭോക്താക്കള്‍.

അമിത്ഷായുടെ ബാങ്കില്‍ നടന്ന ഇടപാടിനെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം നിശബ്ദത പാലിക്കുന്നത് എന്തിന്‍റെ പേരിലായാലും മാധ്യമധര്‍മ്മത്തിന് നേരെയുള്ള വെല്ലുവിളിയാണ്.

 

-ലിബിന്‍ തോമസ് –

amit shahnarendra modiCo-operative BankDemonetisation
Comments (0)
Add Comment