വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും ബംഗ്ലാവുകൾ ഇടിച്ചുപൊളിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവ്. തീരദേശപരിപാലന നിയമം പാലിക്കാതെ നിർമിച്ച ബംഗ്ലാവുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
അലിബാഗിലുള്ള കെട്ടിടങ്ങളാണ് സർക്കാർ പൊളിക്കുന്നത്. ഇതിൽ മോദിയുടേയും ചോക്സിയുടേയും ബംഗ്ലാവുകളും ഉൾപ്പെടും. റായിഗഡ് ജില്ലയിൽ പരിസ്ഥിതി മന്ത്രി രാംദാസ് കാഡം പങ്കെടുത്ത അവലോകന യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്. നേരത്തെ സർക്കാർ തീരുമാനത്തിനെതിരെ കെട്ടിട ഉടമകൾ സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ സർക്കാർ സ്റ്റേ നീക്കിയതിനു ശേഷമാണ് ഒഴിപ്പിക്കൽ നടപടി ആരംഭിക്കുന്നത്.
മോദിയും ചോക്സിയും കൂടാതെ രത്തൻ ടാറ്റാ, ആനന്ദ് മഹീന്ദ്ര, സീനത് അമൻ തുടങ്ങി നിരവധി പ്രമുഖർക്ക് റായിഡഗ് ജില്ലയിലെ അലിബാഗിലും മുറുദുവിലും ബംഗ്ലാവുകളുണ്ട്. നിലവിൽ 164 അനധികൃത കെട്ടിടങ്ങളാണ് രണ്ട് സ്ഥലത്തുമായുള്ളത്. ഈ കെട്ടിടങ്ങൾ പൊളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നു.