വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകള്‍ സി.പി.എം ഹൈജാക്ക് ചെയ്യുന്നതായി ആക്ഷേപം. പന്തളം, ചെങ്ങന്നൂര്‍ തുടങ്ങി വിവിധമേഖലകളിലെ ക്യാമ്പുകളാണ് സി.പി.എം നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇത്തരം ക്യാമ്പുപിടിച്ചടക്കലെന്നാണ് ആക്ഷേപമുയരുന്നത്.
വിവിധ സാമൂഹ്യ-രാഷ്ട്രീയ-ആത്മീയ സംഘടനകളും ചാരിറ്റി പ്രസ്ഥാനങ്ങളും എന്‍.ജി. ഒകളുമെല്ലാം പ്രളയബാധിതര്‍ക്ക് സഹായമൊരുക്കി സജീവമാണ്. വെള്ളപ്പൊക്കദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ഉണ്ണാനും ഉടുക്കാനും വേണ്ടതെല്ലാം വിവിധ മേഖലകളില്‍ നിന്നും നിമിഷങ്ങള്‍ക്കകം ശേഖരിച്ചാണ് സംഘടനകള്‍ ക്യാമ്പുകളിലെത്തിച്ചത്. എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ക്യാമ്പുകളിലെ ആളുകള്‍ക്കിടയില്‍ രാഷ്ട്രീയപരമായി വേര്‍തിരിവുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ചെങ്ങന്നൂര്‍ പന്തളം എന്‍.എസ്.എസ് ഹയര്‍സെക്കന്‍ററി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള ക്യാമ്പുകളില്‍ സി.പി.എം കടന്നുകയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
കൃത്യമായി ഭക്ഷണവും വസ്ത്രവുമെല്ലാം എത്തിച്ചു നല്‍കുന്ന സന്നദ്ധ സംഘടനകളെ ഒഴിവാക്കി ക്യാമ്പ് സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിച്ച് സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് സഹായമെത്തിച്ചവരെ ആട്ടിപ്പുറത്താക്കാനും ശ്രമംനടത്തി. തഹസില്‍ദാര്‍ ഇക്കാര്യം ഇവര്‍ക്ക് എഴുതി നല്‍കിയതോടെ ക്യാമ്പിലെ സ്ത്രീകളടക്കം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ഐഡന്റ്റ്റികാര്‍ഡുള്‍പ്പെടെ ധരിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് പുറത്താക്കിയതെന്നായിരുന്നു തഹസീല്‍ദാരുടെ വിശദീകരണം. അതേസമയം, ദുരിതാശ്വാസക്യാമ്പിലേക്ക് എത്തുന്ന ഓരോ വാഹനങ്ങളം രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിയടക്കം സ്ഥാപിച്ചാണ് കടന്നുവരുന്നത്. ഇതിനെ ചോദ്യം ചെയ്യാനും അധികൃതര്‍ തയാറല്ല. പല ക്യാമ്പുകളുടെയും സ്റ്റോറുകളടക്കം നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകരാണ്. ക്യാമ്പുകളിലെ സി.പി.എം ഹൈജാക്കിംഗ് ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ആക്ഷേപമുയരുന്നത്. വിവിധ ദേശങ്ങളില്‍ നിന്ന് സഹായവുമായി എത്തുന്നവരോട് സി.പി.എം നേതാക്കളടക്കം മോശമായി പെരുമാറുന്നതായും ആരോപണമുണ്ട്.
പോലീസിന്റെ സഹായത്തോടെയാണ് സി.പി.എമ്മിന്‍റെ ക്യാമ്പ് കയ്യേറ്റമെന്നാണ് ചിലരുടെ ആക്ഷേപം. പന്തളത്തെ ക്യാമ്പില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ രണ്ട് ദിവസം മുമ്പ് കയ്യേറ്റശ്രമം നടന്നതും വിവാദമായിരുന്നു.