ഏതാനും ആഴ്ചകൾക്ക് മുമ്പ്, എന്‍റെ എല്ലാ അമർഷങ്ങളും വെളിപ്പെടുത്തിക്കൊണ്ട്, ‘ജമ്മു-കശ്മീരിലെ പരീക്ഷണങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നു’ (2018 മെയ് 13) എന്നൊരു ലേഖനം ഞാന്‍ എഴുതിയിരുന്നു. ജമ്മു-കശ്മീരില്‍ പ്രത്യേകിച്ച് കശ്മീര്‍ താഴ് വരയില്‍ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികള്‍ക്ക് കാരണം ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളാണെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല.
കേന്ദ്രസര്‍ക്കാരിന്‍റെ ആ നയങ്ങള്‍ ഏതാനും ദിവസം മുമ്പ് അടിപറ്റി. ബി.ജെ.പി മുന്നണി സര്‍ക്കാരില്‍നിന്ന് പിന്‍വലിയുകയും കൂടെയുണ്ടായിരുന്ന പി.ഡി.പിക്ക് രാജിവെക്കേണ്ടിവരികയും ചെയ്തു. ജമ്മു-കശ്മീര്‍ രാഷ്ട്രപതി ഭരണത്തിന്‍കീഴിലായി.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് സ്ഥിഗതികളുടെ ഗൌരവം പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പ്രധാനമന്ത്രി മുതല്‍ അധികാരശ്രേണിയിലുള്ളവരുടെ പ്രഖ്യാപനങ്ങളാണ് അവര്‍ കണക്കിലെടുക്കുക. നുഴഞ്ഞുകയറ്റം തടയും, സമാധാനം പുനഃസ്ഥാപിക്കും, ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരും… തുടങ്ങിയ വാഗ്ദാനങ്ങള്‍ കൊണ്ട് താല്‍ക്കാലികമായി മറുഭാഗത്തുള്ള ജനങ്ങളെ മയക്കിയെടുക്കാം. അല്‍പം കൂടി ക്ഷമ കാണിച്ച് സ്ഥിതിഗതികള്‍ വിശകലനം ചെയ്യണമെന്ന ആവശ്യം നിസാരമാക്കി തള്ളി. എല്ലാ വിമര്‍ശനങ്ങളെയും ദേശദ്രോഹമായി ചിത്രീകരിച്ചു.
തിരിച്ചെടുക്കേണ്ട വാക്കുകള്‍
ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും നേതാക്കള്‍ സര്‍ക്കാര്‍ നയം ഒന്നിലധികം തവണ വെളിപ്പെടുത്തിയിട്ടുള്ളത് മറക്കരുത്. സര്‍ക്കാര്‍ ശക്തമായ നിലപാട് കൈക്കൊള്ളും. പൊട്ടിത്തെറി ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യട്ടെ. അങ്ങനെയുള്ള സര്‍ക്കാര്‍ ഒരു ക്ഷമാപണം പോലും നടത്താതെ 2018 ജൂണ്‍ 19ന് കൊമ്പുകുത്തി വീണത്.
ഏതാനും മാസം മുമ്പ് ആഭ്യന്തരമന്ത്രി നാടകീയമായി ജമ്മു-കശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരം കണ്ടെത്തിയതായി പ്രസ്താവിച്ചു. 2018 ജൂണ്‍ 20ന് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചുകൊണ്ട് അതേ മന്ത്രി പറഞ്ഞത് തീവ്രവാദം ഇനിയും വെച്ചുപൊറുപ്പിക്കാന്‍ കഴിയുകയില്ലെന്നായിരുന്നു. അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ കണ്ടെത്തിയ ആ വിചിത്രമായ പ്രശ്നപരിഹാരത്തെക്കുറിച്ച് ഒരു വാക്ക് പോലും അദ്ദേഹം പരാമര്‍ശിച്ചില്ല.
റമദാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് മറുപടി പറയാന്‍ മുന്നോട്ടുവന്നത് കരസേനാ മേധാവി ആയിരുന്നു. അദ്ദേഹം പറഞ്ഞത് “സ്വാതന്ത്ര്യം നടക്കാന്‍ പോകുന്നില്ല… ഒരിക്കലും… നിങ്ങള്‍ക്ക് ഞങ്ങളോടേറ്റുമുട്ടണമെങ്കില്‍ മുഴുവന്‍ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കാന്‍ ഞങ്ങള്‍ തയാറാണ്” ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം ആ സ്ഥിരം പ്രയോഗം ആവര്‍ത്തിച്ചു. “ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമം തുടരും. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലൊന്നുമില്ല”.
സംസാരിക്കാതിരുന്ന വ്യക്തി (വെള്ളിയാഴ്ച വൈകുന്നേരം വരെ) പ്രധാനമന്ത്രിയായിരുന്നു.
നാം കൊടുത്ത വില
മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പലരും ശരിവെക്കുകയും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പി.ഡി.പി-ബി.ജെ.പി മുന്നണി അസ്വാഭാവികവും അവസരവാദപരവും ആയിരുന്നു എന്ന കാര്യം ദിവസം കഴിയുന്തോറും ആ മുന്നണിയെ താഴ് വരയിലെ ജനങ്ങള്‍ കൈവിട്ടുകൊണ്ടിരുന്നു. പി.ഡി.പിയെ വഞ്ചകരായും ബി.ജെ.പിയെ അവസരവാദികളായും അവര്‍ കണ്ടു. ശ്രീനഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏഴ് ശതമാനമാണ് വോട്ട് ചെയ്തത്. കലാപം വളരാനുള്ള പ്രധാന കാരണം ഈ മുന്നണി തന്നെയായിരുന്നു.
2014 മെയ് 26ന് ശേഷമുള്ള 48 മാസത്തിനുള്ളില്‍ നുഴഞ്ഞുകയറ്റവും മരണങ്ങളും മുമ്പത്തെക്കാളും അധികം വര്‍ധിച്ചു. കലാപവും ശക്തമായി. അടിസ്ഥാന പ്രമാണങ്ങള്‍ പലതും താറുമാറാക്കി. ലിഖിതവും അലിഖിതവുമായ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ച് സേനാമേധാവികള്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി. ജമ്മു-കശ്മീര്‍ മന്ത്രിസഭാംഗങ്ങള്‍ കൂട്ടുത്തരവാദിത്വം കൈവിട്ടു. സംസ്ഥാനത്തിന്‍റെ അഖണ്ഡത (മൂന്ന് പ്രവിശ്യകള്‍ അടങ്ങിയത്) ഗുരുതരമായ നിലയില്‍ തകര്‍ന്നു. സംസ്ഥാനം അതിന്‍റെതന്നെ ജനതയ്ക്കെതിരെ അക്രമം അഴിച്ചുവിട്ടു. 2014ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ഥിതിഗതികള്‍ എപ്രകാരം വഷളായെന്ന് താഴെയുള്ള പട്ടിക വെളിപ്പെടുത്തും.
* ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ലിക്റ്റ് മാനേജ്മെന്‍റ്
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
നിരവധി ചോദ്യങ്ങള്‍ ഉയരുന്നു.
1. ഗവര്‍ണര്‍ ഭരണം കൊണ്ടുദ്ദേശിക്കുന്നത് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ സൈനികശക്തി ഉപയോഗിക്കുമെന്നാണോ? ഈ മാസം എന്‍.എന്‍ വോറയുടെ കാലാവധി അവസാനിക്കുമ്പോള്‍ ആരായിരിക്കും ഗവര്‍ണര്‍ ആവുക? (വോറ തഴക്കവും പഴക്കവും ചെന്ന വ്യക്തിയാണ്. പ്രായാധിക്യം ഒരു തടസം തന്നെ. ബി.ജെ.പിയുടെ യഥാര്‍ഥ ഉദ്ദേശങ്ങള്‍ എന്തെന്ന് പുതിയ ഗവര്‍ണര്‍ നിയമനത്തോടെ മനസിലാക്കാന്‍ കഴിയും.)
2. ഗവര്‍ണര്‍ ഭരണം ഏക അജണ്ടയില്‍ ഒതുങ്ങുമോ? ഭീകരത തുടച്ചുനീക്കാന്‍ എന്ന പേരില്‍ ശക്തമായ ബലപ്രയോഗമായിരിക്കുമോ ആ അജണ്ട? ആരും ഭീകരതയെ പിന്താങ്ങുകയില്ല. പക്ഷേ നിരവധി ചെറുപ്പക്കാരെ ഭീകരതയിലേക്ക് നയിക്കുന്നതിന് പ്രചോദനമാകുന്നത് പരിഹരിക്കപ്പെടാതെ കിടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളാണെന്ന കാര്യത്തിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല.
3. പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോ? നിലവിലുള്ള സര്‍ക്കാരിന്‍റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടു. ചര്‍ച്ചയ്ക്ക് തയാറായാല്‍ തന്നെ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് ആരും മുന്നോട്ടുവരില്ല. ദിനേശ് ശര്‍മ എത്ര നല്ലവനും ഉദ്ദേശശുദ്ധിയുള്ളവനും ആണെങ്കിലും അദ്ദേഹത്തിന്‍റെ ആവശ്യം കഴിഞ്ഞു. പൊതുസമൂഹത്തിലെ സ്വതന്ത്രരും നിഷ്പക്ഷമതികളുമായ മധ്യസ്ഥന്മാരും ചര്‍ച്ചകള്‍ക്ക് നിയോഗിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇന്നത്തെ സാഹചര്യത്തില് അത് അസാധ്യമാണ്.
4. സംസ്ഥാന നിയമസഭയിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്തുമോ? തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന അപകടം കുറഞ്ഞപക്ഷം കശ്മീര്‍ താഴ് വരയിലെങ്കിലുമുണ്ടാകും.
5. പാകിസ്ഥാനുമായി ഒരു യുദ്ധമുണ്ടാകുമോ? സര്‍ജിക്കല് സ്ട്രൈക്കില്‍നിന്നും യുദ്ധത്തിലേക്കെത്താന് ചെറിയ നടപടികള്‍ മാത്രം മതി. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് അതിനുള്ള ഒരു ത്വര കൂടുതലായിരിക്കും.
കശ്മീര്‍ ഇപ്പോഴും പൂര്‍ണമായി തഴയപ്പെട്ടു എന്ന് വിശ്വസിക്കാന്‍ ഞാന്‍ തയാറല്ല. പക്ഷേ ആ ദുരന്തത്തിന് തൊട്ടടുത്താണ് സ്ഥിതിഗതികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.