തായ്ലൻഡിലെ ഫുക്കറ്റിലെ ഒരു റിസോര്‍ട്ട് ദ്വീപില്‍ യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 25 ലേറെ പേര് മരിച്ചു. നിരവധി പേരെ കാണാതായി. 105 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ചൈനീസ് വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് ബോട്ട് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
മോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ നിര്‍ത്തിവെച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു. കണ്ടെടുത്ത മൃതദേഹങ്ങളെക്കുറിച്ച് ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 25 മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
അപകടത്തില്‍പ്പെട്ട 105 പേരില്‍ 48 പേരെ സമീപത്തുണ്ടായിരുന്ന മത്സ്യബന്ധനബോട്ടിലുള്ളവര്‍ രക്ഷപ്പെടുത്തിയതായും ഒരു സ്ത്രീയെ അപകടസ്ഥലത്തുനിന്ന് കുറച്ച് മാറി മൃതദേഹങ്ങള്‍ക്കൊപ്പം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടമുന്നറിയിപ്പുണ്ടായിരുന്നിട്ടും ബോട്ട് സര്‍വീസ് നടത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് ബുധനാഴ്ച തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഫുക്കറ്റ് ഗവര്‍ണര്‍ നൊറാഫത് പ്ലോഡ്തോംഗ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തായ് പോലീസ് അറിയിച്ചു.