ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ ഇടം നേടി പാക് താരം സമാനും

സിംബാബ്‌വെക്കെതിരായ നാലാം ഏകദിനത്തിൽ 304 റൺസ് അടിച്ചെടുത്ത് പാക് ഓപ്പണർമാരായ ഫഖർ സമാനും ഇമാമുൽ ഹഖും. ഏകദിനത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിനുള്ള ലോകറെക്കോഡ് സ്വന്തമാക്കി. മത്സരത്തിൽ പുറത്താകാതെ 210 റൺസ് കുറിച്ച സമാൻ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി കുറിക്കുന്ന ആദ്യ പാക് താരവുമായി മാറി.

2006 ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുൽ തരംഗയും കുറിച്ച 286 റൺസാണ് ഇതോടെ പഴങ്കഥയായത്. മത്സരത്തിൽ പുറത്താകാതെ 210 റൺസ് കുറിച്ച സമാൻ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി കുറിക്കുന്ന ആദ്യ പാക് താരവുമായി മാറി. 156 പന്തുകളിൽ 24 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതമാണ് താരം 200 റൺസ് തികച്ചത്.

20 വർഷം മുമ്പ് ഇന്ത്യക്കെതിരെ 194 റൺസെടുത്ത സയിദ് അൻവറിന്റെ പേരിലായിരുന്നു ഇതുവരെ ഉയർന്ന സ്‌കോറിനുള്ള റെക്കോര്‍ഡ്. പാകിസ്താന്‍റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോറും മത്സരത്തിലേതാണ്. ഏകദിനത്തിൽ ഇരട്ടശതകം നേടുന്ന ആറാമത്തെ താരമാണ് സമാൻ. ഇന്ത്യന്‍ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, രോഹിത് ശർമ, വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിൽ, ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗുപ്റ്റിൽ  എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഒരുപിടി റെക്കോഡുകൾ പിറന്ന മത്സരത്തിൽ സമാന് പുറമെ ഇനാമും (113) ആസിഫ് അലിയും (50 നോട്ടൗട്ട്) മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ പാകിസ്താൻ 50 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 399 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ 155 റൺസിനു പുറത്താക്കിയ പാക് പട 244 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. പാകിസ്താനുവേണ്ടി ശദാബ് ഖാൻ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

cricketfakhar zamandouble century
Comments (0)
Add Comment