അമേരിക്കയുടെ കിഴക്കൻ തീരങ്ങൾ ലക്ഷ്യമാക്കി ഫ്ലോറൻസ് ചുഴലിക്കൊടുങ്കാറ്റ് നീങ്ങുന്നു. മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കൊടുങ്കാറ്റിനെ നേരിടാൻ പ്രദേശിക ഭരണകൂടങ്ങൾ നടപടികൾ തുടങ്ങി. തീരദേശത്തെ മുഴുവൻ ആളുകളേയും മാറ്റിപ്പാർപ്പിക്കുമെന്ന് സൗത്ത് കരോളിന ഗവർണർ അറിയിച്ചു. കാറ്റഗറി-നാലിലുള്ള ഫ്ലോറൻസ് ചുഴലിക്കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് അടുക്കുന്നതോടെ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് നോർത്ത് കരോളിന, വിർജീനിയ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.