ചരിത്ര ടെസ്റ്റിനൊരുങ്ങി ഇന്ത്യ. ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ഇന്ന് ഈഡൻ ഗാർഡൻസിൽ.
ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് മത്സരമാണിത്.
ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മത്സരത്തിനു ഇന്ന് ഈഡൻ ഗാർഡൻസിൽ തുടക്കം. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റാണ്. ഉച്ചയ്ക്കു ഒരു മണി മുതലാണ് മൽസരം ആരംഭിക്കുന്നത്. ഡേ നൈറ്റ് ടെസ്റ്റിന് എഴു വർഷം മുൻപ് തന്നെ ഐ സി സി അനുവാദം നൽകിയെങ്കിലും ഇന്ത്യ താല്പര്യം കാണിച്ചിരുന്നില്ല. എന്നാൽ സൗരവ് ഗാംഗുലി ബി സി സി പ്രസിഡന്റ് ആയതോടെ ഇതിൽ മാറ്റം വരികയായിരുന്നു. പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയുടെ തുടക്കം എങ്ങനെയായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പിങ്ക് ബോളുമായി പൊരുത്തപ്പെടാൻ ഇരുടീമുകളും കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിലേർപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽ പലരും പിങ്ക് ബോളിൽ പരിചയം നേടിയിട്ടുള്ളവരാണ്. എന്നാൽ ബംഗ്ലാദേശിന് ഇതൊരു വെല്ലുവിളിയാണ്. ഒന്നാം ടെസ്റ്റ് ഇന്ത്യ ഇന്നിങ്‌സ് വിജയം നേടിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത ജയത്തോടെ പോയിന്റ് നില കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ മുഷ്ഫിഖർ റഹീം ഒഴികെയുള്ളവർ പരാജയപ്പെട്ടിരുന്നു. ബാറ്റിങ് നിരയുടെ പരാജയം തെല്ലൊന്നുമല്ല ബംഗ്ലാ നിരയെ അലട്ടുന്നത്. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്താനാണ് സാധ്യത. ഇന്ത്യൻ ക്രിക്കറ്റിലെ ചരിത്രമുഹൂർത്തം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ.