ഇന്ത്യൻ ബാഡ്മിന്റണിലെ പുത്തൻ താരോദയം ലക്ഷ്യസെൻ ചരിത്രം കുറിച്ചു. 53 വർഷത്തിനു ശേഷം ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിനൊടുവിൽ ത്രിവർണ പതാക പാറി.
ജക്കാർത്തയിൽ ഇന്നലെ നടന്ന 2018 ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ഫൈനലിൽ ഒന്നാം സീഡും ലോക ഒന്നാം നമ്പർ താരവുമായ തായ് ലന്റിന്റെ കുനാലവുട് വിതിദ്സരണിനെ തോൽപ്പിച്ചാണ് സ്വർണം സ്വന്തമാക്കിയത്. 21-19, 21-18 എന്നിങ്ങനെ നേരിട്ടുളള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.
ജൂനിയർ വിഭാഗത്തിൽ നിലവിൽ ലോക ഒമ്പതാം നമ്പർ താരമായ ലക്ഷ്യ സെന്നിന്റെ കരിയറിലെ വലിയ നേട്ടമാണിത്. ഗൗതം താക്കറിനും പി.വി. സിന്ധുവിനും ശേഷം ഏഷ്യൻ ജൂനിയർ ചാമ്പ്യനാകുന്ന താരവുമായി ലക്ഷ്യസെൻ. ചാമ്പ്യൻഷിപ്പിലുടനീളം മിന്നുന്ന ഫോമിലായിരുന്നു ലക്ഷ്യ സെൻ. മുൻനിര താരങ്ങളെ തോൽപിച്ചാണ് സ്വർണനേട്ടമെന്നതും ശ്രദ്ധേയമായി.
ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡായ ചൈനയുടെ ലി ഷിഫെങ്ങിനെ 21-14, 21-12 എന്നിങ്ങനെ നേരിട്ടുളള ഗെയിമുകൾക്കു തോൽപിച്ചാണ് ലക്ഷ്യസെൻ സെമിയിലെത്തിയത്.
സെമിയില്‍ നാലാം സീഡായ ലിയനാർഡോ ഇമ്മാനുവൽ റംമ്പയെ 21-7, 21-14 എന്നിങ്ങനെ നേരിട്ടുളള ഗെയിമുകൾക്കു തോൽപ്പിച്ചായിരുന്നു ഇന്ത്യൻ താരത്തിന്റെ ഫൈനൽ പ്രവേശനം.