ഗ്രീഷ്മ സുപ്രീംകോടതിയില്‍, ഷാരോണ്‍ വധക്കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റണം


കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. നിലവില്‍ കേരളത്തില്‍ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നിലവില്‍ നെയ്യാറ്റികര അഡീഷണല്‍ സെക്ഷന്‍സ് കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാന്‍ തടസമാകും, കൂടാതെ കന്യാകുമാരിയില്‍ നിന്ന് വിചാരണനടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. കാമുകനെ കഷായത്തില്‍ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്‌റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Comments (0)
Add Comment