ക്രിയാത്മക നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടുകയും അനീതിക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തെ സിപിഎം അധിക്ഷേപിക്കുന്നു, നടക്കുന്നത് സൈബര്‍ ഗുണ്ടായിസമെന്ന് പദ്മജ വേണുഗോപാല്‍

Jaihind News Bureau
Sunday, April 12, 2020

ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടുകയും അനീതിക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ അസഹിഷ്ണുതയുടെയും പകയുടെയും മനസുമായി മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കള്‍ അധിക്ഷേപിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍. സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘പ്രതിപക്ഷത്തെ അധിക്ഷേപിക്കാനും എല്ലാം സർക്കാർ നേട്ടമായി ചിത്രീകരിക്കാനും പിആര്‍ഏജൻസികൾ തന്നെ ഉള്ളതായി അറിയാൻ കഴിഞ്ഞു. കൊറോണ എന്ന മഹാമാരിയെ തടയുന്ന കാര്യത്തിൽ, സർക്കാർ കൈ കൊണ്ടിട്ടുള്ള എല്ലാ നടപടികൾക്കുമൊപ്പം സഹകരിക്കുക എന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ തെറ്റുകൾ കാണുമ്പോൾ അത് ചൂണ്ടിക്കാണിക്കുക എന്ന നയം മാത്രമേ പ്രതിപക്ഷം കൈക്കൊണ്ടിട്ടുള്ളു. പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന നിർദ്ദേശങ്ങളെ ദുരഭിമാനം മൂലം ആദ്യം അവഗണിക്കുകയും പിന്നീട് അത് നടപ്പാക്കേണ്ടി വരുന്നതുമായ അവസ്ഥയാണ് നാം കണ്ടത്’- പദ്മജ വേണുഗോപാല്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

പദ്മജ വേണുഗോപാലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണൂപം

ക്രിയാത്മകമായ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടുകയും അനീതി കണ്ടാൽ അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും,KPCC പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാക്കളെയും അസഹിഷ്ണുതയുടെയും പകയുടെയും മനസ്സുമായി മുഖ്യമന്ത്രി ഉൾപ്പടെ CPM നേതാക്കൾ അധിക്ഷേപിക്കുകയും, അതേറ്റെടുത്ത് സൈബർ സഖാക്കൾ വളരെ മോശമായായി ആക്ഷേപം നടത്തുന്നതും നാം കാണുന്നു.. സൈബർ സഖാക്കൾ ഇന്ന് സൈബർ ഗുണ്ടായിസമാണ് നടത്തുന്നത്.. എല്ലാ മാന്യതയും ലംഘിച്ച് അസഭ്യ വാചകങ്ങൾ CPM സൈബർ ഗുണ്ടകൾ കോൺഗ്രസ് നേതാക്കൾക്ക് നേരെ അഴിച്ചുവിടുന്നു.. സൈബർ സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന് പ്രചോദനകരമായ വാർത്തകൾ ദേശാഭിമാനി കോൺഗ്രസ് നേതാക്കൾക്കെതിരെ നൽകുന്നു.. പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പേജിൽ CPM സൈബർ ഗുണ്ടകൾ അസഭ്യത്തിന്റെ പൂരപ്പാട്ട് നടത്തുന്നു..KPCC പ്രസിഡന്റ് വിദേശത്തുള്ള പാവപ്പെട്ട മലയാളികൾക്ക് വേണ്ടി വാദിച്ചപ്പോൾ അദ്ദേഹത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയും, തുടർന്ന് മുല്ലപ്പള്ളിക്കെതിരെ CPM സൈബർ ഗുണ്ടകൾ നടത്തിയ അധിക്ഷേപവും നമ്മൾ കണ്ടതാണ്..പ്രതിപക്ഷത്തെ അധിക്ഷേപിക്കാനും എല്ലാം സർക്കാർ നേട്ടമായി ചിത്രീകരിക്കാനും PR ഏജൻസികൾ തന്നെ ഉള്ളതായി അറിയാൻ കഴിഞ്ഞു.. കൊറോണ എന്ന മഹാമാരിയെ തടയുന്ന കാര്യത്തിൽ, സർക്കാർ കൈ കൊണ്ടിട്ടുള്ള എല്ലാ നടപടികൾക്കുമൊപ്പം സഹകരിക്കുക എന്ന നയമാണ് UDF സ്വീകരിച്ചിട്ടുള്ളത്.. പക്ഷേ തെറ്റുകൾ കാണുമ്പോൾ അത് ചൂണ്ടിക്കാണിക്കുക എന്ന നയം മാത്രമേ പ്രതിപക്ഷം കൈക്കൊണ്ടിട്ടുള്ളു ..പ്രതി പക്ഷം ചൂണ്ടിക്കാണിക്കുന്ന നിർദ്ദേശങ്ങളെ ദുരഭിമാനം മൂലം ആദ്യം അവഗണിക്കുകയും പിന്നീട് അത് നടപ്പാക്കേണ്ടി വരുന്നതുമായ അവസ്ഥയാണ് നാം കണ്ടത്.. കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികൾ.. കൊറോണ രോഗ സമയത്ത് വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ ബുദ്ധിമുട്ടുകൾ ആശങ്കയുളവാക്കുന്നു..

: അതുപോലെ ദില്ലി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന നേഴ്സുമാർ, ഡോക്ടർമാർ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ തൊഴിൽ സുരക്ഷ വളരെ പ്രധാനം തന്നെ.. പല സ്ഥലങ്ങളിലും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ പോലും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ വളരെ ആശങ്കാജനകമാണ്… കർഷകർ, കർഷതൊഴിലാളികൾ, കച്ചവടക്കാർ, കേറ്ററിംഗ് മേഖല, കേറ്ററിംഗ് മേഘലയിൽ പണി ചെയ്യുന്ന തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, വാടകയ്ക്ക് താമസിക്കുന്നവർ, സ്വയം തൊഴിൽ മേഖലക്കാർ എന്നിങ്ങനെ സമസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരും ഇന്ന് ഭീതിയിലാണ്..: ഗൾഫ് രാജ്യങ്ങളിൽ നിന്ന് രോഗമില്ലാത്ത വിദേശികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള അനുമതി ഗൾഫ് രാജ്യങ്ങൾ അനുവദിച്ചിട്ടുണ്ട്..വിദേശത്ത് നിസ്സഹായകരായി കഴിയുന്ന മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് നാട്ടിൽ എത്തിക്കാൻ ഉള്ള തീവ്രശ്രമങ്ങൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.. ഗൾഫിൽ രോഗികളായ മലയാളികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ഉള്ള സംവിധാനം നമ്മുടെ സർക്കാർ ഉറപ്പു വരുത്തണം.. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തുന്ന പ്രവാസികളുടെ ജീവിത മാർഗത്തിനായുള്ള പദ്ധതികൾ സർക്കാർ ആരംഭിക്കണം
ഇത്തരം ആശങ്കയുളവാക്കുന്ന കാര്യങ്ങൾ സർക്കാർ അടിയന്തിരമായി പരിഹരിക്കണം എന്നുള്ള ആവശ്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.. അതോടൊപ്പം ഭരണരംഗത്ത് ഉണ്ടാകുന്ന വീഴ്ചകളും അഴിമതികളും ചൂണ്ടിക്കാട്ടേണ്ടത് ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷത്തിന്റെ കടമയാണ്.. തുടക്കത്തിൽ വിദേശത്തു നിന്ന് വന്നവർക്ക് എയർപോർട്ടിൽ സ്ക്രീനിംഗിൽ ഉണ്ടായ വീഴ്ചകൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിനാലാണ് സർക്കാർ അക്കാര്യത്തിൽ ഉണർന്നതും കോവിഡ് പ്രതിരോധത്തിന് പ്രധാന നേട്ടമായതും.. ബിവറേജസ് അടയ്ക്കാൻ ഇടയായത് പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്നാണ്.. പരീക്ഷകൾ മാറ്റി വയ്ക്കാൻ തയ്യാറായത് പ്രതിപക്ഷ സമ്മർദ്ദത്തിലാണ്.. തോറ്റ MP ക്ക് സർക്കാർ ശമ്പളത്തിൽ ജോലി നൽകിയതും, ഭരണ പരിഷ്ക്കാര ചെയർമാൻ പോലുള്ള ഖജനാവ് തിന്നുന്ന പദവികളും ശമ്പളം പറ്റുന്ന ഉപദേശകരെയും ഒഴിവാക്കേണ്ടതും അത്യാവശ്യമാണ് എന്ന് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് പെരുംകടത്തിൽ മുങ്ങുന്ന കേരളത്തിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ്.. ഗതാഗത മന്ത്രിയുടെ സ്റ്റാഫിന് കോവിഡ് ഫണ്ടിൽ നിന്ന് നിയമ വിരുദ്ധമായി 5 ലക്ഷം അനുവദിച്ചത് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ശരി തന്നെയാണ്.. അമേരിക്കൻ സ്വകാര്യ കമ്പനിയായ സ്പ്രിംഗ്ളറിന് കോവിഡ് രോഗികളുടെയും, ഐസോലേഷനിൽ കഴിയുന്നവരുടെയും വിവരങ്ങൾ നൽകുന്നതിലെ അപകടം പ്രതിപക്ഷനേതാവും KPCC, പ്രസിഡൻറും തുറന്നു കാട്ടിയിട്ടുണ്ട്.. കാസർഗോഡ് ചികിത്സ കിട്ടാതെ ഉണ്ടായ 13 മരണങ്ങൾക്ക് ഉത്തരവാദിത്യം, തന്റെ കാലത്ത് പണി തുടങ്ങിയ മെഡിക്കൽ കോളേജ് പൂർത്തിയാക്കുന്നതിൽ അനാസ്ഥ കാണിച്ച LDF സർക്കാരിനാണ് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് യാഥാർഥ്യം തന്നെ.. കേരളത്തിലെ ആരോഗ്യ മേഖലക്കുണ്ടായ നേട്ടം പിണറായി 4 വർഷം കൊണ്ട് ഉണ്ടാക്കിയതല്ല.. കാലാകാലങ്ങൾ കൊണ്ട് ഉണ്ടായതാണ്.. വിദേശ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ വാർത്തയിൽ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ പറഞ്ഞത് 30 വർഷത്തിൽ പരമുള്ള കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടാണ് കേരളത്തിൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും പുരോഗതി ഉണ്ടായതെന്നാണ്.. ഇതല്ലേ കൊറോണ രോഗ സമയത്ത്, തെറ്റായ വിവരങ്ങൾ വിദേശ മാധ്യമങ്ങൾക്കു പോലും നൽകി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമം.. പ്രതിപക്ഷം തെറ്റുകൾ ഇനിയും ചൂണ്ടിക്കാട്ടും,കൊറോണ പ്രതിരോധത്തിലും കേരളത്തിന്റെ വികസനത്തിനും | സർക്കാർ എടുക്കുന്ന പദ്ധതികൾക്കൊപ്പം തീർച്ചയായും സഹകരിക്കുകയും ചെയ്യും.. അതാണ് പ്രതിപക്ഷത്തിന്റെ കടമ..