നിലവിൽ ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. നിലവിൽ ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിനേക്കാൾ 26 പോയിന്റ് മാത്രം താഴെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.
പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത് തന്നെയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിംഗിൽ സ്മിത്തിന് 929 പോയിന്റും കോഹ്ലിക്ക് 903 റേറ്റിംഗ് പോയിന്റുമാണുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിലെ പരമ്പരയിൽ മികച്ച ഫോമിലേക്ക് ഉയരാനായാൽ കോഹ്ലിക്ക് സ്മിത്തിനെ മറികടക്കാൻ കഴിഞ്ഞേക്കും. എന്നാൽ ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ജെയിംസ് ആൻഡേഴ്സനെതിരെ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർ വിയർക്കേണ്ടി വരും.
അതേ സമയം കോഹ്ലിക്ക് പിന്നിൽ 855 പോയന്റോടെ ഇംഗ്ലണ്ട് താരം ജോ റൂട്ട് ബാറ്റിംഗില്‍ മൂന്നാം സ്ഥാനത്തുണ്ട്. നിലവിൽ ഏകദിന ബാറ്റിംഗിൽ ഒന്നാം സ്ഥാനത്തും T 20 ബാറ്റിംഗിൽ12-ാം സ്ഥാനത്തുമാണ് ഇന്ത്യൻ നായകൻ.
ടെസ്റ്റ് ടീമുകളുടെ റാങ്കിംഗിൽ 125 പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 97 റേറ്റിംഗ് പോയന്റുള്ള ഇംഗ്ലണ്ട് അഞ്ചാമതും. ഇന്ത്യയ്ക്കെതിരായ പരമ്പര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിന് രണ്ടാം സ്ഥാനത്തെക്കാന് സാധിക്കും. സമ്പൂർണവിജയം പോലും ഇംഗ്ലണ്ടിനെ ഒന്നാം സ്ഥാനത്തെത്തിക്കില്ലെങ്കിലും ഇന്ത്യയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി കുറയ്ക്കാൻ അവർക്ക് കഴിയും. ഇന്ത്യയ്ക്കെതിരെ പരമ്പരയിൽ 3-0ത്തിനോ, 4-1നോ പരാജയപ്പെട്ടാൽ ഇംഗ്ലണ്ടിന് റാങ്കിംഗിലെ അഞ്ചാം സ്ഥാനം നഷ്ടപ്പെട്ടേക്കും. പക്ഷേ അതിനുള്ള സാധ്യത വളരെ കുറവാണെന്ന് മാത്രം.