കോവിഡ് ഭീതിയിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു; കണ്ണൂരിൽ ബസ് വരുമാനത്തില്‍ വന്‍ കുറവ്

കണ്ണൂർ: കോവിഡ് ഭീതിയെ തുടർന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കണ്ണൂരിൽ സ്വകാര്യബസുകളുടേയും കെഎസ്ആർടിസിയുടേയും വരുമാനത്തിൽ വൻ കുറവ്. തിരക്കേറിയ റൂട്ടുകളിൽപ്പോലും യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ഇതോടെ ബസ് സർവീസുകൾ നിർത്തിവയ്‌ക്കേണ്ട സ്ഥിതിയാണുള്ളത്. അതിനിടെ ഇന്ധനവില വർധിച്ചതും സ്വകാര്യബസ് വ്യവസായത്തിനും കെഎസ്ആർടിസിക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്.

അതേസമയം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്ന 20 പേരെ കൂടി ശനിയാഴ്ച്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി ഉയർന്നത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുമായി ദുബായിയില്‍ വെച്ച് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ടുപേര്‍ ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരെ നേരിട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ 20 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണുള്ളത്. 260 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെയായി പരിശോധനയ്ക്കയച്ച 76 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 44 എണ്ണം നെഗറ്റീവുമാണ്. 31 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ മതസംഘടനാ നേതാക്കളുടെ യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും.

Comments (0)
Add Comment