കൊവിഡ് വ്യാപനം തടയാന്‍ ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ് : ജനം സഹകരിക്കണം, ഒത്തുചേരലുകള്‍ ഒഴിവാക്കണം ; ഈ മാസം 27 മുതല്‍ കര്‍ശന നടപടി

 

ദുബായ് : കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ താമസക്കാര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ചടങ്ങുകളും ഒത്തു ചേരലുകളുമാണ് രോഗം വര്‍ധിക്കാന്‍ കാരണമെന്ന് ദുബായ് പൊലീസ് മേധാവി വ്യക്തമാക്കി.

ഇതിന്‍റെ ഭാഗമായാണ് ജനുവരി 27 മുതല്‍ ഹോട്ടലുകളിലും വീടുകളിലും നടക്കുന്ന പരിപാടികള്‍ക്ക് പത്തു പേരില്‍ കൂടുല്‍ പാടില്ലെന്ന നിയമം കര്‍ശനമാക്കിയത്. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ദുബായ് പോലീസിന്‍റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി പറഞ്ഞു. വേണ്ടത്ര രീതിയില്‍ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കാത്തതിന്‍റെ അഭാവം കൂടിയാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. അതിനാല്‍ സാമൂഹിക അകലം ഉറപ്പാക്കല്‍, മാസ്ക്ക് ധരിക്കുക, അനാവശ്യമായ ഒത്തുചേരലുകള്‍ ഒഴിവാക്കുക എന്നിവ ശ്രദ്ധിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

ഇവന്‍റുകളില്‍ പങ്കെടുക്കുന്നവര്‍ അതില്‍ പങ്കെടുക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കണമെന്നും പ്രസക്തമായ ചോദ്യങ്ങള്‍ സ്വയം ചോദിക്കണമെന്നും കമാന്‍ഡര്‍-ഇന്‍-ചീഫ് പറഞ്ഞു. ഇവന്‍റ് ഓര്‍ഗനൈസര്‍മാര്‍ പങ്കെടുക്കുന്നവർക്ക് പി.സി.ആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കുന്നത് ഗുണകരമാകും. പകര്‍ച്ചവ്യാധി തടയാനുള്ള ഏതൊരു നീക്കത്തിലും പൊതുജനം പങ്കാളികളാണ്. അണുബാധ തടയാന്‍ ജനങ്ങള്‍ അധികാരികളുമായി സഹകരിക്കണം. അല്ലെങ്കില്‍ ഒരു രാജ്യത്തിനും ഇത്തരമൊരു മഹാമാരിയെ നേരിടാനാവില്ലെന്നും അല്‍ മാരി കൂട്ടിച്ചേര്‍ത്തു.

Coviddubai police
Comments (0)
Add Comment