തോളിലിങ്ങനെ നക്ഷത്ര ചിഹ്നങ്ങൾക്ക് ഭാരം കൂടുമ്പോൾ പോലീസിലെ ഏമാൻമാർക്ക് എന്തിനും ഏതിനും പരിചാരകരുടെ വെഞ്ചാമര വിശറികൾ അകമ്പടിയേകണം. അടിഞ്ഞു കൂടുന്ന അധികാരത്തിന്റെ ദുർമേദസ് ഉരുക്കി കളയാൻ പാവം പോലീസുകാരുടെ കയ്യും മെയ്യും കഠിനാധ്വാനം ചെയ്യണം. ഉന്നതന്റെ പുത്ര-കളത്ര-മിത്രാദികളുടെ മുഖം വാടാതെ നോക്കണം. ഇവരുടെ മുഖത്ത് കാർമേഘം ഉരുണ്ടുകൂടിയാൽ ഭൃത്യന് പിന്നെ കണ്ണീർമഴയായിരിക്കും അനന്തരഫലം.
ക്യാംപ് ഫോളോവർമാർ എന്നൊക്കെയാണ് പേര്. ‘ഫോളോ’ ചെയ്യുന്നതിന്റെ ‘ ഫ്‌ളോ’ കുറഞ്ഞാൽ വിവരം അറിയുമെന്ന് മാത്രം. അതായത്, പട്ടിയെ കുളിപ്പിക്കുന്നതിനും പച്ചക്കറി വാങ്ങുന്നതിനും പായസം വെക്കുന്നതിനുമൊക്കെ ഒരൊഴുക്ക് വേണമെന്നർഥം. കുപ്പിയും കോഴിയും കാഴ്ചവെയ്ക്കുന്നതിന്റെ ചിട്ടവട്ടങ്ങളൊക്കെ അറിഞ്ഞിരിക്കണമെന്ന് ചുരുക്കം.
ചിലർക്കിതൊക്കെ വളരെ നിസാരമാണ്. ഇരിക്കാൻ പറയേണ്ട താമസം കുനിഞ്ഞു കളയും! ഒരു മാതിരി ‘ അടിയൻ ലച്ചിപ്പോം’ സ്റ്റൈൽ. നട്ടുച്ചക്ക് അർധരാത്രിയെന്ന് ഏമാൻ പറഞ്ഞാൽ, അങ്ങനെ തന്നെ മുതലാളി എന്ന് പറഞ്ഞേക്കണം. വാ പൊത്താനും തലേക്കെട്ടഴിച്ച് അരയിൽ കെട്ടാനും മറന്നേക്കരുത്. എന്നാൽ വേറെ ചിലരുണ്ട്. പ്രതികരണശേഷിയുടെ അസ്‌കിതയുള്ള കൂട്ടത്തിലാണ്. അവരാണ് ഈ ഫോളോവർമാരുടെ ഫ്‌ളോ കളയുന്നത്. മകള് മാന്തി, മകൻ നുള്ളി എന്നൊക്കെ പറഞ്ഞ് വരും. കുട്ടികളല്ലേ അങ്ങ് ക്ഷമിച്ചേക്കണം. അല്ലാതെ ഇങ്ങനെ ആശുപത്രിയിൽ പോയി കിടക്കാനും പത്രക്കാരെ വിളിച്ച് പറയാനുമൊക്കെ ഇതിൽ എന്തിരിക്കുന്നു. ഒരു ദിവസം പ്രതിഷേധ പട്ടിണി കിടന്നാൽ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ…
ഇപ്പോഴാണെങ്കിൽ ‘കുത്തിപ്പൊക്കലുകളുടെ’ കാലമാണല്ലോ. കൂട്ടത്തോടെ ‘ദാസൻമാർ’ ഇറങ്ങിയിട്ടുണ്ട്. ‘കഴിഞ്ഞ മഴക്കാലത്ത് ആലുംമൂട്ടിലെ വിജയനെ പൊക്കാൻ പോയപ്പോൾ സാറ് പാൽചായ കുടിച്ചപ്പോൾ എനിക്ക് കട്ടൻചായയല്ലേ വാങ്ങി തന്നത്’ എന്നൊക്കെയാണ് ഇപ്പോൾ ‘പിന്തുടർച്ചക്കാരുടെ’ പായാരം. ഇതൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയ സംഭവം വല്ലതുമാണോ.
പണ്ട് ട്രൗസർ കാക്കിയുടെ കാലത്ത് ഏഡ് കുട്ടൻപിള്ളയുടെ കള്ളരിക്കുന്ന മീശയിൽ കുടുങ്ങുന്ന കട്ടുറുമ്പുകളെ എടുത്ത് കളയാൻ വരെ ആളുണ്ടായിരുന്നു. അങ്ങനെയുള്ള കേരള പോലീസിന്റെ പിൻമുറക്കാരോടാ കളി. അതുകൊണ്ട് പോലീസിന്റെ തടി… പോലീസിന്റെ ഫോളോവേഴ്‌സ് … വലിയെടാ വലി !
-കെ.ബി ലിബീഷ്-