കേരളത്തെ പ്രളയത്തില്‍ മുക്കിയത് മുല്ലപ്പെരിയാറിലെ വെള്ളം?

ഓഗസ്റ്റ് പതിനഞ്ചിന് കേരളം പ്രളയജലത്തിൽ മുങ്ങിയതിന് കാരണം മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം തമിഴ്നാട് തുറന്ന് വിട്ടത്. 144 അടി ജലനിരപ്പ് പിന്നിട്ടശേഷമാണ് അണക്കെട്ട് തുറന്നത്. രാത്രി വൈദ്യുതി ബന്ധം വിഛേദിക്കുകയും ജലവിധാനം തിട്ടപ്പെടുത്തുന്ന ഡിജിറ്റൽ മീറ്ററും തമിഴ്നാട് ഓഫാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയ ശേഷമാണ് അണക്കെട്ടിലെ 13 ഷട്ടറുകൾ ഉയർത്തിയതെന്നായിരുന്നു തമിഴ്നാട് നൽകിയ ആദ്യ റിപ്പോർട്ട്. ആഗസ്റ്റ് 15 ന് കനത്ത മഴയിൽ ജലനിരപ്പ് 144 അടിയായി ഉയർന്ന ശേഷമാണ് ഷട്ടറുകൾ തുറന്നത്. ഏഴടിയാണ് ഷട്ടറുകൾ ഉയർത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലുള്ള തമിഴ്നാടിന്റെ ഡിജിറ്റൽ മീറ്ററിൽ 143.8 അടി രേഖപ്പെടുത്തിയതിന്റെ രേഖകൾ പുറത്ത് വന്നു. ഈ രേഖകൾ കേരള സർക്കാരിനും ലഭിച്ചിട്ടുണ്ട്. ഇതിന്റെ രേഖകൾ സർക്കാർ മൂടിവെക്കുന്നതിൽ ദുരൂഹതയുണ്ട്.

ഈ രീതിയിൽ തുറന്നുവിട്ട ജലമാണ് പെരിയാർ നദിയിലൂടെ കേരളത്തെ മുക്കിയതിന് പ്രധാന കാരണം. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ജലം ഇടുക്കി അണക്കെട്ടിലെത്തിയതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രി തന്നെ കുടുതൽ ഉയർത്തേണ്ടി വന്നു. അന്ന് രാത്രി മുല്ലപ്പെരിയാറിൽ കൂടുതൽ ഉയർന്നതോടെ തുറന്ന് വച്ച 13 ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തമിഴ്നാട് ശ്രമം നടത്തി. അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസ് ഈ നീക്കം തടഞ്ഞതോടെ തമിഴ്നാട് ഉദ്യോഗസ്ഥരും പോലീസുമായി അണക്കെട്ടിന്റെ സ്പിൽവേക്ക് സമീപം സംഘർഷമുണ്ടായി.

കേരള പോലീസിനെതിരെ തേനി കളക്ടർക്ക് തമിഴ്നാട് പരാതി നൽകി. ഇതിന്റെ പ്രതികാരമായി പോലീസ് ക്യാമ്പിലേക്കുള്ള വൈദ്യുതിയും വെള്ളവും രാത്രി തന്നെ തമിഴ്നാട് വിഛേദിച്ചു. അണക്കെട്ടിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചതോടെ ഇരുട്ടിന്റെ മറവിൽ അപകടാവസ്ഥയിലായ മുല്ലപ്പെരിയാറിൽ നിന്നും കുടുതൽ ജലം കേരളത്തിലേക്കൊഴുക്കാനാണ് തമിഴ്നാട് ശ്രമിച്ചത്.

അതേ സമയം തമിഴ്നാട് വരണ്ടുണങ്ങിയ കാലാവസ്ഥയായതിനാൽ കേരളത്തിലേക്ക് ജലമൊഴുക്കിയതിലും ദുരൂഹതയേറുന്നു. 144 അടിയായി ജലനിരപ്പെത്തിയതോടെ ജല വിധാനംതിട്ടപ്പെടുത്തുന്ന ഡിജിറ്റൽ മീറ്റർ ഓഫാക്കി മുറി തമിഴ്നാട് പൂട്ടി. തമിഴ്നാടിന്റെ മനുഷ്യത്വമില്ലായ്മയാണ് കേരളത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമം നടത്തിയത്. തമിഴ്നാടിന്റെ ഈ നിലപാടിൽ സംസ്ഥാന സർക്കാരിന്റെ മൗനം വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

kerala floodsMullaperiyar Dam
Comments (0)
Add Comment