കുടിയേറ്റ നയത്തിൽ നിലപാട് കടുപ്പിച്ച് ഡോണൾഡ് ട്രംപ്. ഭരണകൂട നീക്കത്തിന് എതിരു നിന്നാൽ സർക്കാരിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാനും മടിക്കില്ലെന്നാണ് ഡെമോക്രാറ്റുകൾക്ക് ട്രംപിന്റെ മുന്നറിയിപ്പ്.
മെരിറ്റിന്റെ അടിസ്ഥാനത്തിലുള്ള കുടിയേറ്റ നയത്തിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ മുന്നറിയിപ്പുമായി ട്രംപ് തന്നെ രംഗത്തെത്തിയത്.
അതിർത്തി സുരക്ഷ ഉറപ്പാക്കുകയും അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ സുരക്ഷാ മതിൽ നിർമിക്കുകയും ചെയ്യണമെന്നു ട്രംപ് നിർദേശിക്കുന്നു. നറുക്കെടുപ്പിലൂടെ വീസ നൽകുന്നതും നിർത്തലാക്കണം. അനധികൃതമായി രാജ്യത്തു കടക്കുന്നവരെ പിടികൂടി പുറത്താക്കുന്ന പ്രക്രിയയ്ക്കും വിരാമമിടണം.
യോഗ്യതയുള്ളവർ രാജ്യത്തേക്കു വരുകയാണ് ആവശ്യം- ട്രംപ് ട്വീറ്റു ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയുണ്ടായിട്ടും ഇമിഗ്രേഷൻ ബിൽ കഴിഞ്ഞയാഴ്ച പ്രതിനിധി സഭയിൽ പാസാക്കാനായില്ല.