കശ്മീരിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു. റൈസിംഗ് കാശ്മീർ എഡിറ്റർ ഷുജാത്ത് ബുഖാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറിൽ പ്രസ് കോളനിയിലെ തന്റെ ഓഫീസിൽനിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബുഖാരിക്ക് വെടിയേറ്റത്.
പത്ര ഓഫിസിന് പുറത്തുവെച്ച് തോക്കുധാരി ബുഖാരിയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവെക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കുകളോടെ ഇദ്ദേഹത്തിന്റെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കശ്മീരിൽ സമാധാന പ്രവർത്തനങ്ങൾക്കു മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബുഖാരി. ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിന് മുന്നിൽ കാറിലിരിക്കുമ്പോഴാണു വെടിയേറ്റതെന്നാണു റിപ്പോർട്ട്. ഒരു ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ പോവാനൊരുങ്ങുകയായിരുന്നു ബുഖാരി.
https://www.youtube.com/watch?v=zPC_5XcW0Hk
അടുത്തകാലത്തൊന്നും കശ്മീരിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമം നടന്നിട്ടില്ല. അതിനാൽ ഷുജാത്തിന്‍റെ കൊല പാതകം മാധ്യമലോകത്തെ നടുക്കി. 2000 മുതൽ ഷുജാത്തിന് പൊലീസ് സംരക്ഷണമുണ്ട്. കശ്മീർ താഴ്വരയിൽ സമാധാനം നിലനിർത്താനായി നിരവധി പരിപാടികൾ നടത്തിയ വ്യക്തിയാണ് ഷുജാത്ത്. ദീർഘകാലം ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ ശ്രീനഗർ ബ്യൂറോ ചീഫ് ആയിരുന്നു.
ഷുജാത്തിന്റെ കൊലയിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നടുക്കവും സങ്കടവും പ്രകടിപ്പിച്ചു.
സംഭവത്തെ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അപലപിച്ചു. ബുഖാരിക്ക് നേരെ മുമ്പും വധശ്രമമുണ്ടായിട്ടുണ്ട്. 2000ലെ വധശ്രമത്തിന് ശേഷമാണ് അദ്ദേഹത്തിന് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.
അതേസമയം കൊലയാളികളുടേതെന്ന് കരുതുന്ന ചിത്രങ്ങൾ ജമ്മു-കശ്മീര്‍ പോലീസ് പുറത്തുവിട്ടു. ബൈക്കിൽ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഒരാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയാൾ മുഖം ഒളിപ്പിച്ചിരിക്കുന്നതായും മൂന്നാമത്തെയാളുടെ മുഖം കറുത്ത തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാൻ കഴിയും.