കനത്ത മഴ തുടരുന്നു; മലബാര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കട്ടിപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ 7 പേരുടെ മൃതദേഹം കണ്ടെത്തി. കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്. അതേ സമയം മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയോടെയുമാണ് ഉരുൾപൊട്ടലുണ്ടായത്. ജില്ലയിലെ മലയോര മേഖലയിൽ വിവിധ ഭാഗങ്ങളിലായി 4 ഉരുൾപൊട്ടൽ ഉണ്ടായി. രക്ഷാപ്രവർത്തകർ പുറത്തെടുത്ത  മൃതശരീരങ്ങൾ താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വെട്ടിയൊഴിഞ്ഞ തോട്ടം കരിഞ്ചോല അബ്ദുറഹിമാൻ , കരിഞ്ചോല ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം, കരിഞ്ചോല അബ്ദുൽ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്) , മുഹമദ് ഷഹബാസ് ( മൂന്ന് ) എന്നിവരുടെ മൃതദേഹങ്ങളാണ് ആശുപത്രിയിലുള്ളത്.
രണ്ട് ഉന്നത ഉദ്യോഗസ്ഥരും 48 അംഗങ്ങളുമടങ്ങിയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. എന്നാൽ പ്രദേശത്ത് നിലനിൽക്കുന്ന അതിശക്തമായ മഴ തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്തു നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതേ സമയം മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലും കനത്തമഴ തുടരുന്നു. കേരള-കർണ്ണാടക അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വൻനാശനഷ്ടമാണ് ഉണ്ടായിരിയ്ക്കുന്നത്. റവന്യൂമന്ത്രിയും കൃഷിമന്ത്രിയും ദുരിതമേഖലകളിൽ സന്ദർശനം നടത്തി. മേഖലയ്ക്ക് പ്രത്യേക പേക്കേജ് പ്രഖ്യാപിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. അതേസമയം മലപ്പുറം നിലമ്പൂരിൽ ഉരുൾപൊട്ടലുണ്ടായെങ്കിലും ആളപായമില്ല.

Heavy RainFlood
Comments (0)
Add Comment