കണ്ണൂര്‍ മട്ടന്നൂർ നായിക്കാലി പാലം മിച്ചഭൂമിക്ക് സമീപം ഉരുൾ പൊട്ടി. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കൊട്ടിയൂർ, നിടുംപൊയിൽ , കണ്ണവം മേഖലയിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. കണ്ണവം വനമേഖലയിലും ഉരുൾപൊട്ടി. ഇതിനെ തുടർന്ന് വിവിധ പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്.
https://www.youtube.com/watch?v=AUtFWPRhayU
കണ്ണവം ഉരുള്‍പൊട്ടലിന്‍റെ ദൃശ്യം
കണ്ണൂരിൽ കനത്ത മഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. രാമന്തളി പുഴയിൽ മീൻപിടിക്കാൻ പോയ പി.വി ഭാസ്കരൻ ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ തോണി ഒഴുക്കിൽ പെട്ട് മറയുകയായിരുന്നു. ഒരാൾ രക്ഷപ്പെട്ടു. കനത്ത മഴയിൽ നിരവധി വീടുകൾ തകർന്നു. നിലവിൽ ജില്ലയിൽ ആകെ 13 ദുരിതാശ്വാസ ക്യാംപുകളിലായി 1100 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
മൊറാഴ വില്ലേജിലെ ബക്കളം വില്ലേജിൽ വീട് തകർന്ന് 3 പേർക്ക് പരിക്കേറ്റു. ഇരിട്ടി താലൂക്കിൽ എട്ടും തളിപ്പറമ്പ് രണ്ടും, തലശേരിയിൽ മൂന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിൽ 25 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ബന്ധുവീടുകളിലേക്കും അയൽ പ്രദേശങ്ങളിലെ വീടുകളിലേക്കും മാറ്റി.